‘പല എംഎല്‍എ മോഹികളുമുണ്ട്, തൃശൂരിലെ തോൽവിക്ക് കാരണം പാർട്ടി’; പത്മജ വേണുഗോപാൽ
കൊച്ചി: തൃശൂരിലെ തോൽവിക്ക് പിന്നിൽ പാർട്ടിയാണെന്ന് കോൺഗ്രസ് നേതാവ് പത്മജ വേണുഗോപല്‍. ചവിട്ടി താഴ്ത്തൽ രാഷ്ട്രീയത്തിലുമുണ്ട്. പല കോൺഗ്രസുകാരും തന്നെ തോൽപ്പിക്കാൻ ശ്രമിച്ചു. പരാതികൾ പറയേണ്ടിടത്ത് പറഞ്ഞിട്ടുണ്ട്. പേര് എടുത്ത് പറഞ്ഞിട്ടുണ്ട്. എന്നാൽ പ്രത്യേകിച്ച് നടപടികളൊന്നും ആ പരാതിയില്‍ ഉണ്ടായിട്ടില്ലെന്നും പത്മജ വേണുഗോപാൽ പറഞ്ഞു. റിപ്പോർട്ടർ പ്രസ് കോൺഫറൻസിൽലായിരുന്നു പത്മജ വേണുഗോപാലിന്റെ പ്രതികരണം.
സുരേഷ്‌ഗോപി വന്നിരുന്നെങ്കില്‍ പോലും താന്‍ വിജയിച്ചിരുന്നേനെ എന്ന് വിശ്വസിക്കുന്നയാളാണ്. പക്ഷേ പാര്‍ട്ടിയുടെ ഉളളിലുളള ചില പ്രശ്‌നങ്ങള്‍, പല എംഎല്‍എ മോഹികളുമുണ്ട്, പത്മജ ജയിച്ചാല്‍ ഇനി പത്ത് കൊല്ലത്തേക്ക് നോക്കേണ്ട എന്നൊക്കെയുളള സംസാരം, മത്സരിക്കാന്‍ താത്പര്യമില്ലാത്ത ചില ആളുകളെ അവിടെ രംഗത്തിറക്കി തനിക്കെതിരെ പ്രവര്‍ത്തിച്ചു. സുരേഷ് ഗോപി വന്നാല്‍ പോലും പത്ത് മൂവായിരം വോട്ടിന് താന്‍ ജയിക്കുമായിരുന്നുവെന്നും പത്മജ പറഞ്ഞു.
രാഷ്ട്രീയത്തിന് അപ്പുറം സിനിമ നടനെന്ന നിലയില്‍ മാധ്യമങ്ങളിലൂടെ അദ്ദേഹം ചെയ്യുന്ന കാര്യങ്ങള്‍ പറഞ്ഞ് നല്ലവനാണെന്ന തോന്നല്‍ സുരേഷ് ഗോപി വരുത്തി. പാര്‍ട്ടിയില്‍ നിന്ന് നല്ല അനുഭവമുണ്ടായാലും ചീത്ത അനുഭവമുണ്ടായാലും പാര്‍ട്ടിയുമായി യോജിച്ചുപോവുക എന്നതാണ് നിലപാട്. ഒന്നും തുറന്നു പറയാറില്ല. അക്കാര്യത്തില്‍ താനും സഹോദരനും തമ്മില്‍ വ്യത്യാസമുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരിലെ നിലവിലുളള എംപിയെ പിന്തുണയ്ക്കുമെന്നും പത്മജ വേണുഗോപാൽ വ്യക്തമാക്കി.
തനിക്ക് വേണ്ടി അച്ഛന്‍ ഒന്നും ചെയ്തുതന്നിട്ടില്ല. അച്ഛന്റെ അവസാന കാലത്താണ് താന്‍ രാഷ്ട്രീയത്തിലേക്ക് വരുന്നത്. കെ മുരളീധരനേയും കൊണ്ടുവരണമെന്ന് അദ്ദേഹത്തിന്റെ മനസിലുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ മനസില്‍ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന രണ്ടു മൂന്ന് പേരുടെ പേരായിരുന്നു. തനിക്ക് അച്ഛന്റെ മനസ് അറിയാം. എല്ലാവരും കൂടി തന്റെ സഹോദരനെ ചവിട്ടികൂട്ടുന്നത് കണ്ട് അച്ഛന്‍ എന്ന നിലക്ക് അദ്ദേഹത്തിന് താത്പര്യം വന്നുവെന്നത് ശരിയാണെന്നും പത്മജ പറഞ്ഞു. തൃശൂര്‍ ജില്ലയിലെ എല്ലാ ഭാഗത്തും എത്താറുണ്ട്. ആരോഗ്യപരമായ കാരണങ്ങള്‍ കൊണ്ട് ഒരു വര്‍ഷമായി പാര്‍ട്ടി പരിപാടികളില്‍ നിന്ന് മാറിനില്‍ക്കേണ്ടി വന്നു. അത് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട് പത്മജ കൂട്ടിച്ചേർത്തു.
എലിസബത്ത് ആന്റണിയുടെ കൃപാസനം വിഷയത്തിലും പത്മജ പ്രതികരിച്ചു. ഓരോരുത്തരുടേയും മാനസികാവസ്ഥയാണ് ഓരോന്ന് പറയിപ്പിക്കുന്നത്. അവര്‍ക്ക് അതില്‍ ആശ്വാസം കിട്ടിയിട്ടുണ്ടാകും. കോണ്‍ഗ്രസിന്റെ സമുന്നത നേതാവായ എ കെ ആന്റണിക്ക് തന്നെക്കാള്‍ ഇക്കാര്യത്തില്‍ വേദനയുണ്ടായിട്ടുണ്ടാകാം. എല്ലാവര്‍ക്കും വിഷമമുണ്ടാക്കിയിട്ടുണ്ട്. ഒരു അമ്മയുടെ വിഷമമായിട്ട് ആണ് കാണുന്നത്. മകന്‍ മറ്റൊരു പാര്‍ട്ടിയില്‍ പോയി. ഇനി അച്ഛനും മകനും തമ്മില്‍ പ്രശ്‌നങ്ങളുണ്ടാകുമോ എന്നൊക്കെയുളള വേദനകളാണ് താന്‍ അതില്‍ കാണുന്നത്. ചെയ്തത് ശരിയാണെന്ന് പറയുന്നില്ല. കോണ്‍ഗ്രസിന് വേണ്ടി ഏറ്റവും കൂടുതല്‍ കാലം പ്രവര്‍ത്തിച്ച ആളാണ് എ കെ ആന്റണി. അങ്ങനെ ഒരാള്‍ ആ വീട്ടിലുളളപ്പോള്‍ മകന്‍ എന്നത് മാറ്റിവെക്കണമായിരുന്നുവെന്ന് പത്മജ അഭിപ്രാപ്പെട്ടു.
‘അച്ഛൻ കോൺഗ്രസിലേക്ക് തിരിച്ച് വന്നപ്പോൾ കെ മുരളീധരന്‍ വേറെ പാര്‍ട്ടിയില്‍ പോയതിൽ അച്ഛന് വേദനയുണ്ടായിരുന്നു. തന്റെ അച്ഛന്‍ സഹായിക്കാത്ത സഹായിക്കാന്‍ സാഹചര്യം കിട്ടാത്ത ആളുകളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ നീതി ലഭിച്ചത്. അല്ലാത്തവര്‍ പുറത്തേക്ക് ഒന്നും കാണിച്ചില്ലെങ്കിലും എവിടെയൊക്കെയൊ തന്നെ വല്ലാതെ വേദനിപ്പിക്കുന്നുണ്ട്. താന്‍ ഒരു ചരിത്രം എഴുതുകയാണെങ്കില്‍ പലര്‍ക്കും ബുദ്ധിമുട്ടുണ്ടാകും. പക്ഷേ കോണ്‍ഗ്രസിന് ദോഷം വരുത്തുന്ന ഒന്നും തന്റെ ഭാഗത്ത് നിന്നുണ്ടാവില്ലെന്നും’ പത്മജ വേണുഗോപാൽ വ്യക്തമാക്കി.