ലോക്ഡൗൺ ;കൈതച്ചക്ക തോട്ടത്തിൽകിടന്ന് ചീയുന്നു; വഴിയോരത്ത് കച്ചവടത്തിനിറങ്ങി കർഷകർ


കോവിഡ് നിയന്ത്രണങ്ങളെത്തുടർന്നുള്ള പ്രതിസന്ധിയിൽ നിന്നു കരകയറാനാകാതെ കൈതച്ചക്ക വിപണി. കൃഷി മുന്നോട്ടു കൊണ്ടുപോകാനാവാത്ത സ്ഥിതിയിലാണു കർഷകർ. ലോക്ഡൗൺ മൂലം കച്ചവടക്കാർ കൈതച്ചക്ക എടുക്കുന്നില്ല. പാകമായവ തോട്ടത്തിൽ കിടന്ന് ചീഞ്ഞു നശിക്കുന്ന സ്ഥിതിയാണ്. മറ്റു വഴിയില്ലാതെ കർഷകരിൽ പലരും വഴിയോര വിൽപനയ്ക്കിറങ്ങി. നഷ്ടം സഹിച്ചാണ് വിൽപന. കിലോയ്ക്ക് ലഭിക്കുന്നത് 10 മുതൽ 20 രൂപ വരെ മാത്രം.
കഴിഞ്ഞ മാസം എ ഗ്രേഡ് പൈനാപ്പിളിനു കിലോയ്ക്ക് 40–45 രൂപവരെ ലഭിച്ചിരുന്നു. ലോക്ഡൗൺ വന്നതോടെ ജില്ലയ്ക്ക് പുറത്തേക്കും മറ്റു സംസ്ഥാനങ്ങളിലേക്കും അയയ്ക്കാൻ പറ്റാതെയായി. വിൽപന നടക്കാതെ വന്നതോടെ കച്ചവടക്കാർ കൈതച്ചക്കയെടുക്കുന്നതു നിർത്തി. ലോക്ഡൗൺ മൂലം ചെറുകിട തോട്ടങ്ങളിൽ നിന്നു വിളവെടുക്കാനും സാധിക്കുന്നില്ല. ഇതര സംസ്ഥാനത്തൊഴിലാളികൾ കൂട്ടത്തോടെ നാട്ടിലേക്കു മടങ്ങിയതും തിരിച്ചടിയായി.
ഒരു ഏക്കറിൽ പൈനാപ്പിൾ കൃഷി ചെയ്യാൻ 3 ലക്ഷത്തോളം രൂപയാണു ചെലവ്. ഇപ്പോൾ ഒരേക്കറിൽ കൃഷിയുള്ളവർ കുറഞ്ഞത് ഒരുലക്ഷം രൂപയെങ്കിലും നഷ്ടത്തിലാണ്. ഒരു ചെടി കായ്ക്കുന്നത് വരെ 30-35 രൂപ കർഷകനു മുടക്കു വരുന്നുണ്ട്. സംരക്ഷണച്ചെലവ് വേറെയും. ഇത്തരത്തിൽ മരുന്നും വളവും നനയുമായി ലക്ഷങ്ങളാണ് കർഷകർക്ക് ചെലവ്.