ഉത്തരാഖണ്ഡിലെ മഞ്ഞിടിച്ചിൽ; 33 തൊഴിലാളികളെ രക്ഷപ്പെടുത്തി, 22 പേർ കുടുങ്ങിക്കിടക്കുന്നു


ഉത്തരാഖണ്ഡിൽ മഞ്ഞിടിച്ചിൽ കുടുങ്ങിയവർക്കായുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. 33 തൊഴിലാളികളെ രക്ഷപ്പെടുത്തി. 22 പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവർക്കായുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്. മഞ്ഞു വീഴ്ചയും മഴയും രക്ഷ പ്രവർത്തനത്തിന് കനത്ത വെല്ലുവിളി ഉയർത്തുന്നുണ്ട്.
ക്യാമ്പിൽ 55 ബിആർഒ തൊഴിലാളികളാണ് ഉണ്ടായിരുന്നത് എന്നും രണ്ടു പേർ അവധിയിൽ ആയിരുന്നു എന്നും ഉത്തരാഖണ്ഡ് ദുരന്തനിവാരണ സെക്രട്ടറി വിനോദ് കുമാർ സുമൻ പറഞ്ഞു. ഐടിബിപി, ഗര്‍വാള്‍ സ്‌കൗട്ടുകള്‍, നാട്ടുകാര്‍ തുടങ്ങിയവരാണ് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നത്. സംസ്ഥാന ദുരന്ത നിവാരണ സേനാ മേധാവിയുടെ നിര്‍ദ്ദേശപ്രകാരം എസ്ഡിആര്‍എഫ് സംഘവും രക്ഷാപ്രവര്‍ത്തനത്തിനുണ്ട്. പരുക്കേറ്റവരെ മനയ്ക്ക് സമീപമുള്ള സൈനിക ക്യാമ്പിലേക്ക് അയച്ചു.
വെള്ളിയാഴ്ച രാവിലെയാണ് ഉത്തരാഖണ്ഡിലെ മനയ്ക്കും ബദരീനാഥിനും ഇടയിലുള്ള ബോർഡർ റോഡ്‌സ് ഓർഗനൈസേഷന്റെ (ബി ആ ർഒ) തൊഴിലാളി ക്യാമ്പിലേക്ക് രൂക്ഷമായ മഞ്ഞുവീഴ്ചയുണ്ടാകുന്നത്. ബദരീനാഥ് ധാമിൽ നിന്ന് 52 കിലോമീറ്റർ വടക്കും ഡെറാഡൂണിൽ നിന്ന് 310 കിലോമീറ്ററിലധികം അകലെയുമായ സ്ഥിതി ചെയ്യുന്ന മേഖലയാണ് മന പാസ്. അതേസമയം, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, പഞ്ചാബ് തുടങ്ങിയ വടക്കൻ സംസ്ഥാനങ്ങളിൽ മഞ്ഞുവീഴ്ചയും മഴയും തുടരുമെന്നാണ് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ (IMD) പ്രവചനം.