പരിസ്ഥിതി സമിതിക്ക് പരാതികള്‍ നല്‍കാം
നിയമസഭാ പരിസ്ഥിതി സമിതി മുന്‍പാകെ ജില്ലയിലെ പരിസ്ഥിതി വിഷയങ്ങളില്‍ പരാതികളും നിവേദനങ്ങളും നേരിട്ട് നല്കാന്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്ക് അവസരം. സമിതി യോഗം ഒക്ടോബര്‍ 4 രാവിലെ 10 ന് ഇടുക്കി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. യോഗത്തില്‍ ജില്ലയിലെ പരിസ്ഥിതി വിഷയങ്ങളില്‍ വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ എന്നിവരില്‍ നിന്നും വിവരശേഖരണം നടത്തും. പാരിസ്ഥിതിക പ്രശ്നങ്ങള്‍ സംബന്ധിച്ച നിവേദനങ്ങളും സമിതി സ്വീകരിക്കും. തുടര്‍ന്ന് ഇടുക്കി, ചെറുതോണി അണക്കെട്ടുകള്‍ അനുബന്ധപ്രദേശങ്ങള്‍, പവര്‍സ്റ്റേഷന്‍ എന്നിവ സന്ദര്‍ശിച്ച് അവിടുത്തെ പാരിസ്ഥിതിക പ്രശ്നങ്ങള്‍ സമിതി വിലയിരുത്തും.
ഒക്ടോബര്‍ അഞ്ചിന് രാവിലെ 10 ന് മൂന്നാര്‍ ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേര്‍ന്ന് മൂന്നാര്‍ ഗ്യാപ് റോഡിലെ അശാസ്ത്രീയമായ പാറ പൊട്ടിക്കലിനെതിരെയുള്ള പരാതിയുടെ നിലവിലെ സ്ഥിതി സംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥരില്‍ നിന്ന് തെളിവെടുപ്പ് നടത്തും. തുടര്‍ന്ന് മൂന്നാര്‍ ഗ്യാപ്പ് റോഡ് , പരിസ്ഥിതി സൗഹൃദ ടൂറിസം പദ്ധതി പ്രവര്‍ത്തനങ്ങള്‍, മാലിന്യസംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ എന്നിവ നേരിട്ടു കണ്ട് മനസ്സിലാക്കും.