ഇടുക്കി നേഴ്സിംഗ് കോളേജ് പരിശോധന പൂർത്തിയായി: മന്ത്രി റോഷി അഗസ്റ്റിൻ
ചെറുതോണി : ഇടുക്കി ഗവ. മെഡിക്കൽ കോളേജിനോടനുബന്ധിച്ച് പുതിയ ബി.എസ്.സി നേഴ്സിംഗ് കോളേജ് ആരംഭിക്കുന്നതിനായുള്ള രണ്ടാം ഘട്ട പരിശോധനകൾ പൂർത്തിയായതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു.സംസ്ഥാനത്ത് പുതുതായി അനുവദിച്ചിട്ടുള്ള എട്ട് നേഴ്സിംഗ് കോളേജുകളിലായി 510 സീറ്റുകളാണ് അനുവദിച്ചിട്ടുള്ളത്. ജലവിഭവ വകുപ്പ് മന്ത്രിയുടെ അഭ്യർത്ഥന പ്രകാരം ഇടുക്കി നേഴ്സിംഗ് കോളേജിന് അറുപത് സീറ്റുകൾക്ക് അംഗീകാരം നൽകുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് അറിയിച്ചിരുന്നു. ഇതേത്തുടർന്നാണ് പരിശോനക്കായി കേരള ആരോഗ്യ സർവ്വകലാശാല, കേരള നേഴ്സസ് & മിഡ് വൈഫറി കൗൺസിൽ എന്നിവർ കോളേജിലെത്തിയത്. കോളേജിനാവശ്യമായ പഠന ഹാളുകൾ, അടിസ്ഥാന സൗകര്യങ്ങൾ, ഹോസ്റ്റലുകൾ എന്നിവയുടെ ക്രമീകരണങ്ങൾ എന്നിവ സംഘം വിലയിരുത്തി. മെഡിക്കൽ കോളേജ് ഓഫീസ് കെട്ടിടത്തിനോട് ചേർന്ന് പ്രവർത്തിക്കുന്ന നേഴ്സിംഗ്
കോളേജിന് കെട്ടിടത്തിനാവശ്യമായ നിർമ്മാണ
പ്രവർത്തനങ്ങൾ നടത്തുന്നതിനായി 28 ലക്ഷം
രൂപ നേഴ്സിംഗ് കൗൺസിൽ മുഖേന
അനുവദിച്ചിട്ടുണ്ട്. ഈ നിർമ്മാണ
പ്രവർത്തനങ്ങൾ ജില്ലാ നിർമ്മിതി കേന്ദ്രം മുഖേന നടന്നുവരികയാണ്.
പരിശോധനകൾ പൂർത്തിയായതോടെ
അർഹരായവരുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുവാൻ
സംസ്ഥാന സർക്കാർ എൽ.ബി.എസിന്
നിർദ്ദേശം നൽകും. ഏതാനും
ദിവസങ്ങൾക്കകം മെറിറ്റ് അടിസ്ഥാനത്തിൽ
അർഹരായവരുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതോടെ ആദ്യവർഷ
പ്രവേശനം സാധ്യമാകുമെന്നും മന്ത്രി റോഷി
അഗസ്റ്റിൻ അറിയിച്ചു. മെഡിക്കൽ കോളേജിന്റെ പ്രത്യേക ചുമതലയുള്ള ഇടുക്കി സബ് കളക്ടർ ഡോ. അരുൺ എസ്. നായർ ഐ.എ.എസ്, ആരോഗ്യ വകുപ്പ് മന്ത്രിയുടെ പ്രതിനിധി സ.വി വർഗ്ഗീസ്, ജില്ലയുടെ ചാർജ്ജുള്ള മന്ത്രിയുടെ പ്രതിനിധി,ഷിജോ തടത്തിൽ, കോളേജ് പ്രിൻസിപ്പാൾ ഡോ. ബാലകൃഷ്ണൻ, മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. സുരേഷ് വർഗ്ഗീസ്, എച്ച്.ഡി.എസ് അംഗങ്ങൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ പുതിയ നേഴ്സിംഗ് ആരംഭിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഇതിനോടകം
പൂർത്തിയാക്കിയിരുന്നു.