‘വനിതാ ഗുസ്തി താരങ്ങളെ പീഡിപ്പിച്ച എംപിക്കെതിരെ എന്തുകൊണ്ട് നടപടിയില്ല?’; ബിജെപിയെ കടന്നാക്രമിച്ച് തൃണമൂൽ എംപി
ബിജെപിയെ കടന്നാക്രമിച്ച് തൃണമൂൽ കോൺഗ്രസ് എംപി കക്കോലി ഘോഷ് ദസ്തിദാർ. വനിതാ ഗുസ്തി താരങ്ങളെ പീഡിപ്പിച്ച ബിജെപി എംപി ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ എന്തുകൊണ്ട് നടയുണ്ടാകുന്നില്ലെന്ന് ദസ്തിദാർ ചോദിച്ചു. ശരൺ സിങ്ങിനെതിരെ നടപടിയെടുത്ത് പാർട്ടി സ്ത്രീകളോടുള്ള ആദരവ് പ്രകടിപ്പിക്കണമെന്നും ദസ്തിദാർ. പാർലമെന്റിൽ വനിതാ സംവരണ ബില്ലിനെ പിന്തുണച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു ബരാസത്തിൽ നിന്നുള്ള ടിഎംസി എംപി. ‘രാജ്യത്തിനായി സ്വർണ്ണ മെഡലുകൾ നേടിയ നമ്മുടെ പെൺകുട്ടികൾ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു. നീതി തേടി അവർക്ക് ജന്തർമന്ദറിൽ പ്രതിഷേധം നടത്തേണ്ടി വന്നു. എന്നിട്ടും ബ്രിജ് ഭൂഷൺ സിംഗ് ഇന്ന് ഇവിടെ ഇരിക്കുകയാണ്. എന്തുകൊണ്ട് കുറ്റവാളിയെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നില്ല? സ്ത്രീകളുടെ പുരോഗതിയും ഉന്നമനവുമാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ, നിങ്ങൾക്ക് അതിനോട് ശരിക്കും താൽപ്പര്യമുണ്ടെങ്കിൽ, എന്തുകൊണ്ടാണ് ബ്രിജ് ഭൂഷണിനെതിരെ നടപടിയെടുക്കാത്തത്?’ – ടിഎംസി എംപി ചോദിച്ചു.
ഹത്രാസ്, ഉന്നാവോ ബലാത്സംഗ-കൊലപാതക കേസുകളിൽ എന്തുകൊണ്ടാണ് നടപടിയെടുക്കാത്തതെന്നും ദസ്തിദാർ ചോദിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിന് കീഴിൽ വയലുകളിൽ ജോലി ചെയ്യുന്ന നിരവധി സ്ത്രീകളുണ്ട്, എന്നാൽ അവരുടെ ശമ്പളം ഇതുവരെ നൽകിയിട്ടില്ല. ഐഎസ്ആർഒയിലെയും ഐഐടികളിലെയും ഗവേഷകർക്കും ശാസ്ത്ര പ്രവർത്തകർക്കും അവരുടെ ശമ്പളം നിഷേധിക്കപ്പെടുന്നതായും ദസ്തിദാർ ആരോപിച്ചു.
എന്തുകൊണ്ടാണ് എൻഡിഎ സഖ്യത്തിന് ഈ ബിൽ കൊണ്ടുവരാൻ ഇത്രയധികം സമയമെടുത്തതെന്നും ടിഎംസി എംപി ഉന്നയിച്ചു. ‘എന്തുകൊണ്ട് 2014ൽ തന്നെ ഈ ബിൽ കൊണ്ടുവന്നില്ല? എന്തിനാണ് ലോക്സഭാ തെരഞ്ഞെടുപ്പിന് വെറും ആറുമാസം മുമ്പ് ഈ ബിൽ കൊണ്ടുവരുന്നത്? എന്തുകൊണ്ടാണ് ഡീലിമിറ്റേഷൻ ബില്ലുമായി ബന്ധിപ്പിക്കുന്നത്? ഇത് തികച്ചും തെറ്റാണ്’- ദസ്തിദാർ പറഞ്ഞു.