കൊവിഡിനെ തുരുത്താൻ മന്ത്രവുമായി പൂജാരി
കൊവിഡിന്റെ രണ്ടാം വരവ് അതിന്റെ മൂർത്തീഭാവത്തിൽ രുദ്ര താണ്ഡവമാടുന്ന നമ്മുടെ രാജ്യത്ത്, കൊവിഡിനെ തുടച്ചുമാറ്റാനുള്ള സർക്കാരിന്റെയും ആരോഗ്യപ്രവർത്തകരുടെയും പൊതുജനങ്ങളുടെയും കൂട്ടായ ശ്രമങ്ങൾ ഊർജിതമായി നടക്കുകയാണ്. കൊവിഡിനെ തടയാനുള്ള വാക്‌സിനുകൾ എത്തിയെങ്കിലും അത് എല്ലാവർക്കും ലഭിക്കാൻ മാസങ്ങൾ പിടിക്കും. ഈ സാഹചര്യത്തിൽ ആത്മീയതയിലൂടെ കൊവിഡിനെ തുരത്താൻ ശ്രമിക്കുകയാണ് ചിലർ.
കൊറോണയെ തുരുത്താനുള്ള മന്ത്രങ്ങൾ ജപിക്കുന്ന ഒരു പൂജാരിയുടെ വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്. പ്രശസ്ത ബോളിവുഡ് ഫോട്ടോഗ്രാഫറായ വരീന്ദർ ചൗളയാണ് ഈ വീഡിയോ ഇൻസ്റാഗ്രാമിലൂടെ ‘ഗോ കൊറോണ ഗോ 2.0’ എന്ന അടിക്കുറിപ്പോടെ പങ്ക് വെച്ചിരിക്കുന്നത്. തീകുണ്ഡത്തിന് മുൻപിൽ പൂജ സാമഗ്രികളോടെ മന്ത്രം ഉരുവിട്ട് കൊണ്ടിരിക്കുന്ന പൂജാരിയുടെ മന്ത്രങ്ങളാണ് ശ്രദ്ധ നേടിയിരിക്കുന്നത്. ‘കൊറോണ, കൊറോണ, കൊറോണ ഭാഗ് (ഓട്) സ്വാഹാ’ എന്നാണ് പൂജാരി ഉരുവിടുന്നത്. വളരെ തീക്ഷണമായാണ് പൂജാരി മന്ത്രം ഉരുവിടുന്നത്.
അതെ സമയം പൂജാരിയുടെ വീഡിയോ എടുത്തിരിക്കുന്നയാൾ പൂജാരിയുടെ മന്ത്രം കേട്ട് ചിരിക്കുന്നതും വിഡിയോയിൽ കാണാം. അതിനാൽ വീഡിയോയിൽ കാണുന്ന പൂജാരി യഥാർത്ഥ പൂജാരി ആണോയെന്ന സംശയം ജനിപ്പിക്കുന്നു.
ഏതായാലും കഴിഞ്ഞ തവണ കേന്ദ്ര മന്ത്രിയായ രാംദാസ് അത്താവല പ്രശസ്തമാക്കിയ ‘ഗോ കൊറോണ ഗോ’ എന്ന പറച്ചിലിന് ബദലായി മാറും ‘ഓം കൊറോണ ഭാഗ് സ്വാഹാ’ എന്ന ഈ മന്ത്രം എന്നാണ് പലരുടെയും പ്രതികരണം.
വരീന്ദർ ചൗള പങ്ക് വെച്ച ഈ വീഡിയോയ്ക്ക് ഇതിനകം 42370 വ്യൂ വരെ ലഭിച്ചിട്ടുണ്ട്.