കയര്‍വില കുടിശ്ശിക ലഭിച്ചില്ല, കയര്‍ തൊഴിലാളികളും സംഘം ജീവനക്കാരും പ്രതിസന്ധിയില്‍
ആലപ്പുഴ: കയര്‍വില കുടിശ്ശിക സര്‍ക്കാര്‍ പൂര്‍ണമായും നല്‍കാത്തതിനാൽ കയര്‍ തൊഴിലാളികളും സംഘം ജീവനക്കാരും പ്രതിസന്ധിയില്‍. കയര്‍ഫെഡില്‍ നിന്ന് പണം ലഭിക്കാതായതോടെ പല സംഘങ്ങളും കയര്‍പിരി നിര്‍ത്തിവച്ചിരിക്കുകയാണ്. സാമ്പത്തിക പ്രതിന്ധിയാണെന്നും വേഗത്തില്‍ പണം നല്‍കുമെന്നും കയര്‍ഫെഡ് അറിയിച്ചു.
ലക്ഷങ്ങളുടെ കയര്‍ ഏറ്റെടുത്തിട്ടും കയര്‍ഫെഡില്‍ നിന്ന് കഴിഞ്ഞ ആറ് മാസമായി പലർക്കും വില ലഭിച്ചിട്ടില്ല. അഞ്ച് ലക്ഷം മുതല്‍ 25 ലക്ഷം വരെ പല സംഘങ്ങള്‍ക്കായി കിട്ടാനുണ്ട്. കേരളത്തില്‍ ഉടനീളം 700 സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആലപ്പുഴയില്‍ മാത്രം 200 സംഘങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. 50 ലക്ഷം രൂപ നല്‍കാനുള്ള സംഘങ്ങളില്‍ ചിലര്‍ക്ക് 10 ലക്ഷം രൂപ ലഭിച്ചെങ്കിലും ജീവനക്കാര്‍ക്ക് കൂലിയും ചകിരിയുടെ പണവും നല്‍കിയതോടെ ബോണസ് പോലും നല്‍കാന്‍ തികിഞ്ഞില്ലെന്നാണ് സംഘം നടത്തിപ്പുകാര്‍ പറയുന്നത്.
പ്രതിസന്ധി രൂക്ഷമായതോടെ വകുപ്പ് മന്ത്രിയായ പി രാജീവ് യോഗം വിളിച്ചു. ഈ യോഗത്തില്‍ സംഘങ്ങള്‍ക്ക് പണം നല്‍കാന്‍ തീരുമാനമായി. എന്നാല്‍ കുടിശ്ശികയുടെ 10 ശതമാനം മാത്രമാണ് പലയിടത്തും ലഭിച്ചിരിക്കുന്നത്. ആലപ്പുഴയില്‍ കാര്‍ത്തികപള്ളി താലൂക്കില്‍ മാത്രം 15000 ത്തില്‍ അധികം കയര്‍പിരി തൊഴിലാളികള്‍ ഉണ്ട്. ഇവരെല്ലാവരും കയര്‍സംഘങ്ങളെ ആശ്രയിച്ചാണ് ജീവിക്കുന്നത്. കയർഫെഡ് എടുത്ത കയറിന്റെ മുഴുവൻ തുകയും ലഭിക്കാതായതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് കയര്‍ തൊഴിലാളികളും സംഘം ജീവനക്കാരും.