പുതുപ്പള്ളിയില്‍ മുഴങ്ങിയത് ലോക്‌സഭാ തിരഞ്ഞെടുപ്പ് സൈറണ്‍ ; 20ല്‍ 20ഉം നേടുമെന്ന് കെ സി വേണുഗോപാല്‍


കോട്ടയം: 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സൈറണ്‍ ആണ് പുതുപ്പള്ളിയില്‍ മുഴങ്ങിയതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. കോണ്‍ഗ്രസ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ 20 ല്‍ 20 സീറ്റും നേടും. കേരളത്തിലെ കോണ്‍ഗ്രസിന്റെ ഒറ്റക്കെട്ടായ പ്രവര്‍ത്തനത്തിന്റെ വിജയമാണ് പുതുപ്പള്ളിയിലേത്. അതിന്റെ അംഗീകാരമാണ് ചാണ്ടി ഉമ്മന്റെ വിജയമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
50,000 വോട്ടിന്റെ ഭൂരിപക്ഷമാണ് യുഡിഎഫ് രഹസ്യമായി വെച്ച ടാര്‍ഗറ്റ്. കേരളത്തിലെ ഉപതിരഞ്ഞെടുപ്പ് ചരിത്രത്തിലെ റെക്കോഡ് ആയിരിക്കും എന്ന് നേരത്തെ കോട്ടയത്ത് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തുകൊണ്ട് പറഞ്ഞിരുന്നു. കേരളത്തിലെ ഏറ്റവും വലിയ ഉപതിരഞ്ഞെടുപ്പ് വിജയം പി ജയരാജന്റെ ഉപതിരഞ്ഞെടുപ്പിലായിരുന്നു. 45,000ത്തിന് മുകളിലായിരുന്നു അത്. അതിനെ മറികടക്കുമെന്നാണ് ഇപ്പോള്‍ വിശ്വസിക്കുന്നത്. അത് അവരുടെ പാര്‍ട്ടി ഗ്രാമങ്ങളിലെ കള്ളവോട്ടാണ്. എന്നാലിത് ജനങ്ങള്‍ അംഗീകരിച്ച വോട്ടാണെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
ഉമ്മന്‍ചാണ്ടി എന്ന നേതാവിനോടുള്ള ജനങ്ങളുടെ ആദരവാണിത്. ജിവിച്ചിരുന്ന ഉമ്മന്‍ചാണ്ടിയെ വേട്ടയാടിയതിനേക്കാള്‍ മരിച്ച ഉമ്മന്‍ചാണ്ടിയെ വേട്ടയാടിയ എല്‍ഡിഎഫിനേറ്റ കനത്ത പ്രഹരമാണിത്. ഇത്രയും വലിയ ഭൂരിപക്ഷം സര്‍ക്കാരിനെതിരായ ജനവിരുദ്ധ വികാരം കൂടിയാണ് കാണിക്കുന്നത്. മുഖ്യമന്ത്രിയുടെ ധിക്കാരത്തിനെതിരായ, കേരള സര്‍ക്കാരിന്റെ ജീര്‍ണ്ണിച്ച ഭരണകൂടത്തിനെതിരായ അതിശക്തമായ ജനവികാരം മനസ്സില്‍ സൂക്ഷിച്ച ജനങ്ങളെയാണ് ഇവിടെ കാണാന്‍ കഴിഞ്ഞത്. ഈ ദുഷിച്ച ഭരണം ഞങ്ങള്‍ക്ക് അംഗീകരിക്കാന്‍ കഴിയില്ലെന്ന സന്ദേശമാണ് പുതുപ്പള്ളി കേരളത്തിന് മുന്നിലേക്ക് വെച്ചത്. പിണറായി വിജയന്‍ സര്‍ക്കാര്‍ ജനമനസ്സുകളില്‍ സ്ഥാനം നേടാന്‍ കഴിയാത്ത സര്‍ക്കാരായി മാറി കഴിഞ്ഞിരിക്കുന്നുവെന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ഈ തിരഞ്ഞെടുപ്പ്. വികസനത്തിന്റെ ചര്‍ച്ച സജീവമായിരുന്നു. വികസനം നടന്നില്ലെന്ന പ്രചാരണമാണ് അഴിച്ചുവിട്ടത്. കമ്മ്യുണിസ്റ്റുകാരനായ മുഖ്യമന്ത്രിയുടെ വികസന കാഴ്ച്ചപ്പാട് വലിയ വിരോധാഭാസമായി തോന്നാം. ജനങ്ങളുടെ നെഞ്ചില്‍ കയറിയായാലും അത് വേണം എന്നായിരുന്നു. വികസനവഴികളില്‍ ജനങ്ങളെ കരുതിക്കൊണ്ട് വേണം എന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ കാഴ്ച്ചപ്പാടെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.