ബാഗേശ്വറിലും ഘോസിയിലും ബിജെപിയെ പിന്നിലാക്കി കോൺഗ്രസും എസ്പിയും; ത്രിപുരയിൽ ലീഡുയർത്തി ബിജെപി


അഗർത്തല: ഉത്തരാഖണ്ഡിലെ ബാഗേശ്വറിൽ വോട്ടെണ്ണൽ പുരോഗമിക്കവെ ബിജെപിയെ പിന്നിലാക്കി കോൺഗ്രസ് മുമ്പിൽ. കോൺഗ്രസിന്റെ ബസന്ത് കുമാർ 195 വോട്ടുകൾക്ക് ബിജെപിയുടെ പാർവതി ദാസിനെ പിന്നിലാക്കി മുന്നിട്ട് നിൽക്കുന്നു. എന്നാൽ ത്രിപുരയിലെ ബോക്സാനഗറിൽ സിപിഐഎമ്മിനെ പിന്നിലാക്കി ബിജെപി ലീഡ് ചെയ്യുന്നു. 22016 വോട്ടുകൾക്ക് ബിജെപിയുടെ തഫജ്ജൽ ഹുസൈനാണ് മുന്നിട്ട് നിൽക്കുന്നത്. സിപിഐഎമ്മിന്റെ മിസാൻ ഹുസൈൻ ആണ് തൊട്ടുപിന്നിലുളളത്.
ബോക്സാനഗറിൽ തഫ്ജാൽ ഹുസൈൻ സിപിഐഎമ്മിനോട് മുൻ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിരുന്നു. മുഖ്യമന്ത്രി മാണിക് ഷാ അടക്കം ക്യാമ്പ് ചെയ്ത് വലിയ പ്രചാരണമാണ് ഭരണപാർട്ടിയായ ബിജെപി മണ്ഡലത്തിൽ നടത്തിയിരുന്നത്.
ഉത്തർപ്രദേശിൽ ബിജെപിയെ പിന്നിലാക്കി സമാജ്‌വാദി പാർട്ടി മികച്ച ലീഡുയർത്തിയിരിക്കുന്നു. ഘോസി മണ്ഡലത്തിൽ സമാജ് വാദി പാർട്ടിയുടെ 1372 വോട്ടുകൾക്ക് സുധാകർ സിംഗ് മുന്നിട്ട് നിൽക്കുന്നു. ബിജെപിയുടെ ധാരാസിംഗ് ചൗഹാനാണ് തൊട്ടുപിന്നിൽ. ത്രിപുരയിലെ ധൻപുർ മണ്ഡലത്തിൽ ബിജെപിയുടെ 6112 വോട്ടുകൾക്ക് ബിന്ദു ദേബ്നാഥ് ലീഡ് ചെയ്യുന്നു. സിപിഐഎമ്മിന്റെ കൗശിക് ചന്ദയെ പിന്നിലാക്കിയാണ് ധാരാസിംഗ് മുന്നിട്ടുനിൽക്കുന്നത്.
ജാർഖണ്ഡിലെ ദുംറിയിൽ ബിജെപി പിന്തുണയിൽ മത്സരിച്ച എജെഎസ് യു സ്ഥാനാർത്ഥി യശോദ ദേവി 1265 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു. ഇൻഡ്യ സംഖ്യത്തിന്റെ പിന്തുണയോടെ മത്സരിച്ച ജാർഖണ്ഡ് മുക്തി മോർച്ചയുടെ ബേബി ദേവിയാണ് പിന്നിലുളളത്. ജാർഖണ്ഡ് മുക്തി മോർച്ചയുടെ പ്രതിനിധിയായിരുന്ന മന്ത്രി ജഗന്നാഥ് മഹ്തോയുടെ മരണത്തോടെയാണ് ദുംറിയിൽ തിരഞ്ഞെടുപ്പ് നടന്നത്. ജഗന്നാഥ് മഹ്തോയുടെ ഭാര്യയാണ് ബേബി ദേവി. ജഗന്നാഥ് മഹ്തോ കഴിഞ്ഞ 20 വർഷമായി ഇവിടുത്തെ സിറ്റിംഗ് എംഎൽഎയാണ്. എഐഎംഐഎമ്മിന്റെ സ്ഥാനാർത്ഥിയും തിരഞ്ഞെടുപ്പ് ഗോദയിലുണ്ട്.