Letterhead top
6000-x-2222-01
134
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
Teachers Top
Title
IMG-20240523-WA0133
High
IMG-20240621-WA0139
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

വാഗമൺ വിളിക്കുന്നു,സാഹസികരെ ഇതിലേ..





മഞ്ഞിന്റെ കുളിരും പ്രകൃതിയുടെ മനോഹാരിതയും ആസ്വദിക്കാനായി വാഗമണ്ണിൽ എത്തുന്ന സഞ്ചാരികൾക്ക് ഇനി സാഹസികാനുഭൂതിയും നുകരാം. കാന്റിലിവര്‍ മാതൃകയിലുള്ള ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ചില്ലുപാലവും സാഹസിക വിനോദ പാര്‍ക്കും ഉദ്ഘാടനം ചെയ്തതോടെ വാഗമൺ ലോകം ടൂറിസം ഭൂപടത്തിൽ ഒഴിവാക്കാനാവാത്ത സ്പോട്ടായി മാറിയിരിക്കുകയാണ്.
സമൃദ്ധമായ പുൽമേടുകൾ, മൊട്ടക്കുന്നുകൾ, പൈൻ മരങ്ങൾ, മൂടൽമഞ്ഞ് മൂടിയ താഴ്‌വരകൾ തുടങ്ങി അതിമനോഹരമായ പ്രകൃതിദൃശ്യങ്ങളാണ് വാഗമണ്ണിനെ സഞ്ചാരികൾക്ക് എന്നും പ്രിയങ്കരിയാക്കുന്നത്. വർഷം മുഴുവനും പ്രസന്നമായ കാലാവസ്ഥയാണ് എന്നതും പ്രകൃതി സ്‌നേഹികൾക്കും സാഹസികത ഇഷ്ടപ്പെടുന്നവർക്കും ഇവിടം അനുയോജ്യമായ സ്ഥലമാക്കി മാറ്റുന്നു.
സ്വകാര്യ സംരംഭകരുമായി ചേര്‍ന്ന് ടൂറിസം കേന്ദ്രങ്ങള്‍ വികസിപ്പിക്കുക എന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് ഇടുക്കി ഡി ടി പി സി യും പെരുമ്പാവൂരിലെ ഭാരത് മാതാ വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ കിക്കി സ്റ്റാര്‍സും ചേര്‍ന്ന് വാഗമൺ കോലാഹലമേട്ടിൽ ഗ്ലാസ്സ് ബ്രിഡ്ജ് ഒരുക്കിയിരിക്കുന്നത്. 40 മീറ്ററാണ് ചില്ലുപാലത്തിന്റെ നീളം. ജര്‍മനിയില്‍ നിന്ന് ഇറക്കുമതി ചെയ്ത ഗ്ലാസില്‍ നിര്‍മിച്ച പാലത്തിനു മൂന്ന് കോടി രൂപയാണ് നിര്‍മാണച്ചെലവ്. 35 ടണ്‍ സ്റ്റീലാണ് പാലം നിര്‍മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. സാഹസികത ആഗ്രഹിക്കുന്നവർക്ക് മികച്ച അനുഭവമാണ് ഗ്ലാസ് ബ്രിഡ്ജ് പകരുന്നത്.
*ഒരു സമയം 15 പേർക്ക് പ്രവേശനം*
സാഹസികത തേടുന്ന സഞ്ചാരികൾക്ക് മറക്കാനാവാത്ത അനുഭവം പകരുന്ന പാലത്തിൽ ഒരേ സമയം 15 പേർക്കാണ് പ്രവേശനം. അഞ്ചു മുതൽ പത്ത് മിനുറ്റ് വരെ പാലത്തിൽ ചെലവഴിക്കാം. പാലത്തില്‍ കയറി നിന്നാല്‍ മുണ്ടക്കയം, കൂട്ടിക്കല്‍, കൊക്കയാര്‍ മേഖലകളുടെ വിദൂര ദൃശ്യങ്ങൾ വരെ ആസ്വദിക്കാൻ കഴിയും. റോക്കറ്റ് ഇജക്റ്റർ, ജയന്റ് സ്വിംഗ്, സിപ് ലൈൻ, സ്കൈ സൈക്ലിംഗ്, സ്കൈ റോളർ, ഫ്രീ ഫോൾ, ഹ്യൂമൻ ഗൈറോ തുടങ്ങി നിരവധി സാഹസിക സാധ്യതകളും അഡ്വഞ്ചർ പാർക്കിൽ ഒരുക്കിയിട്ടുണ്ട്.
*റോഡും സൂപ്പർ*
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു വാഗമണ്ണിലേക്ക് എത്തുന്ന സഞ്ചാരികൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് ഈരാറ്റുപേട്ട – വാഗമൺ റോഡിനെയാണ്. ബി എം ബി സി നിലവാരത്തിൽ റോഡ് നിർമ്മാണം പൂർത്തിയാക്കി തുറന്നുനല്കിയതോടെ സഞ്ചാരികൾക്ക് സുഗമമായ യാത്രയും സാധ്യമായി. പുളിയൻമല-കുട്ടിക്കാനം മലയോര ഹൈവേയുടെ ഭാഗമായ കുട്ടിക്കാനം-ചപ്പാത്ത് റോഡിൻെറ ആദ്യ റീച്ച് നിർമാണം പൂർത്തീകരണത്തിൽ എത്തിനിൽക്കുന്നതും മേഖലയെ സഞ്ചാരസൗഹൃദമാക്കുന്നു.

*എങ്ങനെ എത്താം*
വാഗമണിൽ നിന്ന് നാല് കിലോമീറ്റർ അകലെ കോലാഹലമേട്ടിലാണ് ഡി ടി പി സി യുടെ അഡ്വഞ്ചർ പാർക്ക് സ്ഥിതിചെയ്യുന്നത്. തൊടുപുഴയിൽ നിന്നും 48 കിലോമീറ്ററും കട്ടപ്പനയിൽ നിന്നും 40 കിലോ മീറ്ററും പാലായിൽ നിന്നും 42 കിലോമീറ്ററും കുമിളിയിൽ നിന്ന് 52 കിലോമീറ്ററും കോട്ടയത്തു നിന്നും 69 കിലോമീറ്ററും കാഞ്ഞിരപള്ളിയിൽ നിന്നും 47 കിലോമീറ്ററും സഞ്ചരിച്ചാൽ ഇവിടെ എത്താം.

*മേഖലയിലെ
മറ്റ് ആകർഷണങ്ങൾ*
വാഗമൺ പുൽമേടുകൾ: “മൊട്ടക്കുന്ന്” എന്നറിയപ്പെടുന്ന ഈ പുൽമേടുകൾ ചുറ്റുമുള്ള ഭൂപ്രകൃതിയുടെ വിശാലമായ കാഴ്ചകൾ പ്രദാനം ചെയ്യുന്നു. പിക്നിക്കുകൾക്കും ഉല്ലാസയാത്രകൾക്കും ഏറ്റവും മികച്ച ഡെസ്റ്റിനേഷനാണിത്.
പൈൻവാലി: വാഗമണിലെ പൈൻ വനങ്ങൾ പ്രകൃതി സ്നേഹികളായ സഞ്ചാരികൾക്കും കുടുംബങ്ങൾക്കും ശാന്തമായ
അന്തരീക്ഷത്തിൽ ദിവസം മുഴുവൻ ചെലവഴിക്കാനുള്ള അവസരം പ്രദാനം ചെയ്യുന്നു. പൈന്മരങ്ങൾക്കിടയിലൂടെയുള്ളസഞ്ചാരം നവോന്മേഷദായകമായ അനുഭവമാണ് പകരുക.
വാഗമൺ തടാകം: പച്ചപ്പിന് നടുവിൽ സ്ഥിതി ചെയ്യുന്ന വാഗമൺ തടാകം ബോട്ടിങ്ങിനും വിശ്രമത്തിനും അനുയോജ്യമാണ്. ചുറ്റുമുള്ള പൂന്തോട്ടങ്ങളും പാതകളും അതിന്റെ മനോഹാരിത വർധിപ്പിക്കുന്നു.
തങ്ങൾപാറയും കുരിശുമലയും: അതിശയകരമായ വിദൂര കാഴ്ച പ്രധാനം ചെയ്യുന്ന തങ്ങൾപാറയും കുരിശിന്റെ കുന്ന്” എന്നർത്ഥം വരുന്ന കുരിശുമലയും തീർത്ഥാടന കേന്ദ്രങ്ങൾ കൂടിയാണ്.
പ്രകൃതി സൗന്ദര്യം, സാഹസിക അവസരങ്ങൾ, ശാന്തമായ അന്തരീക്ഷം എന്നിവയാൽ സമ്പന്നമായ വാഗമണ്ണിൽ സഞ്ചാരസൗഹൃദ അന്തരീക്ഷം ഒരുക്കി ടൂറിസത്തിൻെറ അനന്തസാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിന് നിരവധി പദ്ധതികളാണ് സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കിവരുന്നത്. വൈവിധ്യമാർന്ന അനുഭവങ്ങൾ പ്രധാനം ചെയ്ത് വാഗമൺ സഞ്ചാരികളെ സ്വീകരിക്കുമ്പോൾ ജില്ലയുടെ ടൂറിസം സ്വപ്നങ്ങൾക്ക് മാറ്റുകൂടുകയാണ്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!