‘രണ്ടു വർഷം മുമ്പ് ബിനുവാണ് കുഴി എടുത്തത്’, മക്കൾ തമ്മിൽ സ്ഥിരം വഴക്കുണ്ടാകാറുണ്ടെന്ന് അമ്മ


തിരുവനന്തപുരം: യുവാവിനെ കൊന്ന് വീട്ടുമുറ്റത്ത് കുഴിച്ചുമൂടിയ സംഭവത്തിൽ പ്രതികരിച്ച് അമ്മ ബേബി. മക്കൾ തമ്മിൽ സ്ഥിരം തർക്കം ഉണ്ടാകാറുണ്ടെന്ന് ബേബി പറഞ്ഞു. താൻ രാത്രി ഇവിടെ നിൽക്കാറില്ല. മുറിക്ക് വേണ്ടി വഴക്കുണ്ടാകാറുണ്ട്. രണ്ട് വർഷം മുൻപ് ബിനു എടുത്തതാണ് കുഴി. എന്തിനാണ് എടുത്തത് എന്ന് ചോദിച്ചപ്പോൾ ഒന്നും പറഞ്ഞില്ലെന്നും ബേബി പറഞ്ഞു.
തിരുവനന്തപുരം തിരുവല്ലം വണ്ടിത്തടത്താണ് യുവാവിനെ കൊന്ന് കുഴിച്ചുമൂടിയത്. രാജ് എന്നയാളുടെ മൃതദേഹമാണ് വീടിന് മുന്നിലുള്ള കുഴിയിൽ നിന്ന് കണ്ടെത്തിയത്. സംഭവത്തിൽ ഇയാളുടെ സഹോദരന്‍ ബിനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതി മാനസികാസ്വാസ്ഥ്യമുള്ളയാളാണെന്നാണ് പൊലീസ് പറയുന്നത്. മദ്യപിച്ച് വരുന്ന ദിവസങ്ങളില്‍ സഹോദരങ്ങള്‍ തമ്മില്‍ വഴക്കുണ്ടാകാറുണ്ടായിരുന്നുവെന്ന് നാട്ടുകാരും ബന്ധുക്കളും പറഞ്ഞു. മദ്യപിച്ച് ബോധം പോയ കണ്ണനെ അടിപിടിക്കിടയിൽ തൂക്കിയെടുത്ത് നിലത്തടിക്കുകയായിരുന്നുവെന്ന് ബിനു പൊലീസിനോട് പറഞ്ഞെന്നാണ് ഇവരുടെ ബന്ധു പറയുന്നത്.
എട്ട് ദിവസത്തോളമായി രാജിനെ കാണാതായതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് വീട്ടുമുറ്റത്തെ കുഴിയില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്. വീടിന് മുന്നിൽ രണ്ട് വർഷം മുമ്പ് എടുത്ത കുഴി മൂടിയതിൽ സംശയം തോന്നിയ അമ്മ പൊലീസിൽ പരാതിപെട്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മദ്യപിച്ച് വരുന്ന ദിവസങ്ങളിൽ ഇവർ തമ്മിൽ വഴക്കുണ്ടാകാറുണ്ടെന്ന് നാട്ടുകാരും ബന്ധുക്കളും പറയുന്നത്. പ്രതിക്ക് ജോലിയ്ക്ക് പോകാൻ താൽപര്യമുണ്ടായിരുന്നില്ല. രാജ് ജോലിക്ക് പോകാൻ പറഞ്ഞതാവാം അടിപിടിയ്ക്ക് കാരണമെന്നും ബന്ധു പറഞ്ഞു.