126–ാം നമ്പർ ബൂത്തിലെ 647–ാം ക്രമ നമ്പർ; ഇത്തവണയും വോട്ടർ പട്ടികയിൽ ഉമ്മൻ ചാണ്ടിയുടെ പേര്
പുതുപ്പള്ളി നിയമസഭാ നിയോജക മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ ഇത്തവണയും ഉമ്മൻ ചാണ്ടിയുടെ പേര്. ജോർജിയൻ പബ്ലിക് സ്കൂളിൽ 126–ാം നമ്പർ ബൂത്തിലെ വോട്ടർ പട്ടികയിൽ 647–ാം ക്രമ നമ്പറായിട്ടാണ് അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരുള്ളത്. പേര് പേന കൊണ്ട് വെട്ടി നീക്കിയിട്ടുണ്ട്.
വോട്ടർ മരിച്ചാൽ പൊതുവെ വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യാൻ നടപടിക്രമം പാലിച്ച് സ്വാഭാവിക കാലതാമസം ഉണ്ടാകാറുണ്ട്. മരണവിവരം പഞ്ചായത്തിൽ റിപ്പോർട്ട് ചെയ്ത ശേഷം ഈ വിവരം അതാത് മേഖലയിലെ ബൂത്തുതല ഓഫീസർ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറും. തുടർന്നാണ് വോട്ടർ പട്ടികയിൽ നിന്ന് മരിച്ച വോട്ടറുടെ പേര് ഒഴിവാക്കുക. ജൂലൈ 18 നായിരുന്നു ഉമ്മൻ ചാണ്ടിയുടെ വിയോഗം.
എല്ലാ തിരഞ്ഞെടുപ്പുകളിലും ഉമ്മൻ ചാണ്ടി കുടുംബത്തോടൊപ്പം പുതുപ്പളളി ജോർജിയൻ സ്കൂളിൽ എത്തിയാണു വോട്ട് ചെയ്തിരുന്നത്. ഉമ്മന്‍ചാണ്ടിയുടെ വിയോഗ ശേഷം നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ മൂന്ന് മുന്നണി സ്ഥാനാർത്ഥികളുൾപ്പെടെ ആകെ ഏഴ് സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. മൂന്നാഴ്ചത്തെ വാശിയേറിയ പ്രചാരണത്തിന് ശേഷമാണ് പുതുപ്പള്ളി ജനവിധി തേടുന്നത്.