മെസിയുടെ ഇരട്ട അസിസ്റ്റ്: എംഎൽഎസ് കപ്പ് ചാമ്പ്യന്മാരെ വീഴ്ത്തി ഇന്റർ മയാമി


ലയണൽ മെസി ടീമിന്റെ ഭാഗമായതിന് ശേഷം വിജയങ്ങൾ ശീലമാക്കിയ ഇന്റർ മയാമിക്ക് കഴിഞ്ഞ മത്സരത്തിൽ സമനില കുരുക്ക് നേരിട്ടിരുന്നു. അർജന്റീനിയൻ ഇതിഹാസത്തിൻ്റെ വരവിന് ശേഷം മെസിയുടെ അസിസ്റ്റോ ഗോളോ ഇല്ലാതെ പോയ മത്സരം. സമനിലയുടെ സങ്കടം മാറ്റി വീണ്ടും വിജയ വഴിയിൽ തിരിച്ചെത്തിയിരിക്കുകയാണ് മയാമി.
ഇത്തവണയും വിജയത്തിൽ അതി നിർണായക സാന്നിധ്യമാവുകയാണ് മെസി. എംഎൽഎസ് കപ്പ് ചാമ്പ്യന്മാരായ ലോസ് ഏഞ്ചൽസ് എഫ്സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് മെസിയും സംഘവും തകർത്തത്. ഫാകുണ്ടോ ഫാരിയാസ്, ജോർഡി ആൽബ, ലിയോനാർഡോ കാമ്പാന എന്നിവരാണ് മയമിയുടെ ഗോൾ വേട്ടക്കാർ. മുന്നിൽ രണ്ട് ഗോളിനും വഴിയൊരുക്കിയതാകട്ടെ മെസിയും.

ഇഞ്ചുറി ടൈമിലാണ് ലോസ് ഏഞ്ചൽസ് എഫ്സിയുടെ ആശ്വാസ ഗോൾ നേട്ടമുണ്ടായത്. റയാൻ ഹോളിംഗ്ഹെഡ് ആണ് ഗോൾ കണ്ടെത്തിയ താരം. ഈ മാസം 10 ന് നടക്കുന്ന അടുത്ത മത്സരത്തിൽ സ്‌പോർട്ടിംഗ് കെസിയാണ് എതിരാളികൾ. നിലവിൽ ലീഗ് ടേബിളിൽ 14-ാം സ്ഥാനത്താണ് ഇന്റർ മിയാമി. വിജയ വഴിയിലേക്ക് തിരിച്ചത്തിയതോടെ വിജയ തുടർച്ച് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.