ലോകത്തെ ഒറ്റ വിരൽത്തുമ്പിലാക്കിയ ഗൂഗിളിന് 25 വയസ്


ലോകത്തെ ഒറ്റ വിരൽത്തുമ്പിലാക്കിയ ഗൂഗിളിന് 25 വയസ് തികയുന്നു. ആഗോള ടെക് ഭീമനായ ഗൂഗിൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യയിൽ വൻകുതിപ്പാണ് ഇരുപത്തിയഞ്ചാം വയസിൽ ലക്ഷ്യമിടുന്നത്. സ്റ്റാൻഫോഡ് യൂണിവേഴ്‌സിറ്റിയിൽ നിന്നാണ് ഗൂഗിളിന്റെ കഥ ആരംഭിക്കുന്നത്. സഹപാഠികളായ ലാറി പേജും സെർജി ബ്രിനും ഒരുമിച്ച് വികസിപ്പിച്ചെടുത്ത സെർച്ച് എൻജിനാണ് ഗൂഗിൾ. മുമ്പുണ്ടായിരുന്ന സെർച്ച് എൻജിനുകളിൽ നിന്ന് വ്യത്യസ്തമായി വ്യക്തിഗത പേജുകളിലേക്ക് എളുപ്പമെത്താൻ കണക്ടിങ് ലിങ്കുകൾ ഉപയോഗിക്കുന്ന രീതിയാണ് അവർ അവലംബിച്ചത്. അതുവരെ ഇന്റർനെറ്റ് ലോകം അടക്കി വാണ സെർച്ച് എൻജിനുകളുടെ കുത്തക തകർക്കാൻ ഞൊടിയിടയിൽ ഗൂഗിളിനായി. അക്കാദമിക് സമൂഹത്തിനുപകാരപ്പെട്ടതോടെ, ഗൂഗിളിന്റെ വളർച്ച തുടങ്ങി.
ആൽഫബെറ്റ് എന്ന വലിയ മാതൃഗ്രൂപ്പിന് കീഴിലാണ് ഗൂഗിളിപ്പോൾ. നൂറിലേറെ ഉത്പ്പന്നങ്ങളും സർവീസുകളും ഗൂഗിളിനുണ്ട്. നിലവിൽ ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് സാങ്കേതിക വിദ്യയോടുകൂടിയ സെർച്ച് ടൂൾ ഗൂഗിൾ വികസിപ്പിച്ചുകഴിഞ്ഞു. അന്വേഷിക്കുന്ന വിവരങ്ങളുടെ സംഗ്രഹ രൂപം ,ചിത്രങ്ങൾ ഉൾപ്പെടെ ലഭിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത. ഇരുപത്തിയഞ്ചാം വയസിലെത്തിയ ഗൂഗിളിൻറെ തലപ്പത്ത് ഇന്ത്യക്കാരനായ സുന്ദർ പിച്ചെയാണെന്നതിൽ ഇന്ത്യയ്ക്കും അഭിമാനം.