ആഘോഷപ്പുലരി ; പൊന്നിൻ തിരുവോണത്തെ വരവേറ്റ് മലയാളികൾ
പൊന്നിൻ തിരുവോണത്തെ വരവേറ്റ് ലോകമെമ്പാടുമുള്ള മലയാളികൾ. ഗൃഹാതുരത്വത്തിന്റെ ഓർമ്മകളും പൂക്കളവും പുത്തരിയും പുത്തനുടുപ്പുമായി സമൃദ്ധിയുടേതാണ് ഓണം. നാടും നഗരവും മറുനാടൻ മലയാളികളും ആഘോഷ ലഹരിയിലാണ്. കാലം മാറിയാലും ആഘോഷത്തിന്‍റെ തനിമയ്ക്ക് മാറ്റമില്ല. പ്രതിസന്ധികളും ഇല്ലായ്മകളുമെല്ലാം മറന്നാണ് മലയാളികൾ ഓണദിനം ആഘോഷിക്കുന്നത്. പൊന്നോണ പൂവട്ടവുമായി പൂമുഖവും സദ്യവട്ടങ്ങളുമായി അടുക്കളയും തിരുവോണ നാളില്‍ ഒരുങ്ങി കഴിഞ്ഞു.
തിരുവോണ ദിനമായ ഇന്ന് കേരളത്തിലെ ഏക വാമനമൂർത്തി ക്ഷേത്രമായ തൃക്കാക്കര ക്ഷേത്രത്തിൽ തിരുവോണ മഹോത്സവം നടക്കും. രാവിലെ ഏഴരക്കാണ് മഹാബലി എതിരേൽപ്പ് ചടങ്ങ് നടക്കുക. തൃക്കാക്കരയിൽ വച്ചാണ് മഹാബലിക്ക് വാമനൻ മോക്ഷം നൽകിയതെന്നാണ് വിശ്വാസം. ശ്രീബലിക്ക് ശേഷം പത്തരയോടെയാണ് നഗരസഭയുടെ നേതൃത്ത്വത്തിൽ തിരുവോണ സദ്യ നടക്കുക. ഇരുപതിനായിരത്തോളം പേർ സദ്യക്ക് എത്തുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.