തലസ്ഥാനത്ത് ഇ-ബസുകള്‍ മാത്രം; തിരുവനന്തപുരം നഗരത്തില്‍ 60 ഇലക്ട്രിക് ബസുകള്‍ ശനിയാഴ്ച പുറത്തിറങ്ങും
തിരുവനന്തപുരം നഗരത്തില്‍ ഘട്ടംഘട്ടമായി ഡീസല്‍ ബസുകള്‍ കുറച്ചു കൊണ്ടുവരാനും സ്മാര്‍ട്ട് സിറ്റി പദ്ധതിയിലും ഉള്‍പ്പെടുത്തി വാങ്ങിയ കൂടുതല്‍ ഇലക്ട്രിക് ബസുകള്‍ ശനിയാഴ്ച പുറത്തിറക്കും. 60 ഇലക്ട്രിക് ബസുകള്‍ സിറ്റി സര്‍വീസിനായി കെഎസ്ആര്‍ടിസി സ്വിഫ്റ്റിന് ശനിയാഴ്ച കൈമാറും. പുതിയ ബസുകളുടെ കൈമാറ്റത്തിന്റെ ഉദ്ഘാടനവും ഫ്‌ലാഗ് ഓഫും ശനിയാഴ്ച വൈകിട്ട്മുഖ്യമന്ത്രി പിണറായി വിജയന്‍ ചാല ഗവ. മോഡല്‍ ബോയ്‌സ് ഹയര്‍സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടില്‍ നിര്‍വഹിക്കും. നഗരത്തിലെ സര്‍വീസിനായി കോര്‍പ്പറേഷന്റെ സ്മാര്‍ട്സിറ്റി പദ്ധതിയിലുള്‍പ്പെടുത്തി 113 ഇലക്ട്രിക് ബസുകള്‍കൂടി വാങ്ങും. 104 കോടി രൂപയ്ക്കാണ് 113 ഇ-ബസുകള്‍ വാങ്ങുന്നത്. നിലവില്‍ 50 ഇ-ബസുകള്‍ തിരുവനന്തപുരത്ത് സിറ്റി സര്‍വീസ് നടത്തുന്നത്.
ബസുകളുടെ റൂട്ടുകള്‍ പൊതുജനാഭിപ്രായംകൂടി പരിഗണിച്ചാണ് തീരുമാനിക്കുക. സിറ്റി സര്‍ക്കുലര്‍ ബസുകളും പോയിന്റ് ടു പോയിന്റ് ബസുകളും ഇതിലുള്‍പ്പെടുമെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു. യാത്രക്കാര്‍ക്ക് തത്സമയ വിവരങ്ങള്‍ ലഭിക്കാനായി മാര്‍ഗദര്‍ശി എന്ന ആപ്പും സ്മാര്‍ട്ട് സിറ്റി പദ്ധതി വഴി തയ്യാറാക്കിയിട്ടുണ്ട്. തിരുവനന്തപുരം സ്മാര്‍ട്ട് സിറ്റി ലിമിറ്റഡ് വികസിപ്പിച്ച മാര്‍ഗദര്‍ശി ആപ്പ് നവീനവും ശാസ്ത്രീയവുമായ പുതിയ ചുവടുവെപ്പായി മാറുമെന്ന് അധികൃതര്‍ പറയുന്നു.
കണ്ട്രോള്‍ റൂം ഡാഷ്‌ബോര്‍ഡില്‍ ബസുകളുടെ തത്സമയ ട്രാക്കിംഗ്, ബസ് ഷെഡ്യൂളിംഗ്, ക്രൂ മാനേജ്‌മെന്റ്, ഓവര്‍സ്പീഡ് ഉള്‍പ്പെടെയുള്ള ബസ് നിരീക്ഷണ സൗകര്യങ്ങള്‍ ഇതിലുണ്ടാകും. ഇനി ബസ് വിവരങ്ങള്‍, അടുത്തുള്ള ബസ് സ്റ്റോപ്പുകള്‍, യാത്രാ പ്ലാനര്‍ തുടങ്ങിയവയെല്ലാം ആപ്പിലൂടെ അറിയാന്‍ കഴിയും. സിറ്റി സര്‍ക്കുലര്‍ ബസുകളുടെ തത്സമയ സഞ്ചാര വിവരം അറിയാനുള്ള എന്റെ കെ.എസ്.ആര്‍.ടി. സി നിയോ ബീറ്റാ വേര്‍ഷന്റെ റിലീസും ശനിയാഴ്ച നടക്കും.