‘താമിറിന്റെ പരുക്ക് മരണ കാരണമായെന്ന് എഴുതിയത് ബോധപൂർവം’; ഫൊറൻസിക് സർജനെതിരെ പൊലീസ് റിപ്പോർട്ട്


താനൂരിലെ താമിർ ജിഫ്രിയുടെ കസ്റ്റഡി മരണത്തിൽ പോസ്റ്റുമോർട്ടം ചെയ്ത ഫൊറൻസിക് സർജനെതിരെ പൊലീസ് റിപ്പോർട്ട്. മഞ്ചേരി മെഡിക്കൽ കൊളേജിലെ ഫൊറൻസിക് മേധാവി ഡോ. ഹിതേഷ് തെറ്റായ കാര്യങ്ങൾ രേഖപ്പെടുത്തിയെന്ന് പൊലീസ് റിപ്പോർട്ട്. താമിറിന്റെ മരണ കാരണം അമിത ലഹരി ശരീരത്തിലെത്തിയതും ഹൃദ്രോഹവുമാണെന്ന് പോസ്റ്റുമോർട്ടത്തിൽ വ്യക്തമായിരുന്നു. എന്നാൽ ശരീരത്തിലേറ്റ പരുക്കുകൾ മരണ കാരണമായെന്ന് സർജൻ എഴുതി ചേർത്തത് ബോധപൂർവമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
ആന്തരിക അവയവങ്ങളുടെ പരിശോധനാഫലം വരും മുന്‍പ് മരണകാരണം സ്ഥിരീകരിച്ചതില്‍ ദുരൂഹതയുണ്ട്. അടുത്ത ബന്ധുവിനെതിരെ തൃശൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് ഒത്തുതീർക്കാൻ ഹിതേഷ് നേരത്തെ ശ്രമിച്ചിരുന്നു. ഇതിന് പൊലീസ് അനുവദിക്കാത്തതിന്നാൽ ഉദ്യോഗസ്ഥർക്കെതിരെ കടുത്ത വിരോധത്തിലായിരുന്നു സർജനെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തൽ. വിദഗ്ധരായ ഒരു സംഘം ഡോക്ടർമാർ വീണ്ടും പോസ്റ്റുമോർട്ടം ചെയ്യണമെന്ന് ക്രൈംബ്രാഞ്ച് സർക്കാരിനോട് ആവശ്യപ്പെടും.
താമിർ ജിഫ്രി പൊലീസ് കസ്റ്റഡിയിൽ മരിച്ചതുമായി ബന്ധപ്പെട്ട് എട്ട് പൊലീസുകാരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. മരിച്ച താമിറിന് കസ്റ്റഡിയിൽ മർദനമേറ്റെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിലുണ്ട്. താമിർ ജിഫ്രിയുടെ ശരീരത്തിൽ 21 മുറിവുകളാണ് ഉള്ളത്.അമിത അളവിൽ ലഹരി വസ്തു ശരീരത്തിൽ എത്തിയതും കസ്റ്റഡിയിലെ മർദ്ദനവും മരണ കാരണമായെന്നാണ് പോസ്റ്റ്മോട്ടം റിപ്പോര്‍ട്ടിലുളളത്. താമിർ ജിഫ്രിയുടെ ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവർത്തനങ്ങളെയാണ് സാരമായി ബാധിച്ചത്.