അയ്യപ്പന്‍കോവില്‍ പഞ്ചായത്തില്‍ തൊഴിലുറപ്പ് പദ്ധതിയുടെ മറവില്‍ ലക്ഷങ്ങളുടെ ക്രമക്കേട്;തട്ടിപ്പ് കാരെ സംരക്ഷിക്കാന്‍ പ്രതിപക്ഷത്തിന്റെ സഹായം തേടി പ്രസിഡന്റും വൈസ് പ്രസിഡന്റും
ലക്ഷക്കണക്കിനു രൂപ വകമാറ്റി ചിലവാക്കിയത് കരാര്‍ ജോലിക്കാരായ രണ്ട് യുവതികള്‍
കട്ടപ്പന: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ മറവില്‍ അയ്യപ്പന്‍കോവില്‍ പഞ്ചായത്തില്‍ നടന്ന ലക്ഷങ്ങളുടെ അഴിമതി മറച്ചു വയ്ക്കാന്‍ ഭരണ- പ്രതിപക്ഷ കൂട്ടുകെട്ട്. എല്‍.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തില്‍ ഭരണ പക്ഷത്തെ ആറ് പേരുടെ എതിര്‍പ്പിനെ പ്രതിപക്ഷത്തിന്റെ സഹായത്തോടെ മറികടന്നാണ് അഴിമതിക്കാരെ സംരക്ഷിക്കാന്‍ പഞ്ചായത്ത് നിലപാടെടുത്തത്.
ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ മറവില്‍ പഞ്ചായത്തില്‍ നിന്നും 2.85 ലക്ഷം രൂപയുടെ വെട്ടിപ്പ് നടത്തിയെന്ന് അംഗങ്ങള്‍ അടക്കം കണ്ടെത്തിയതോടെയാണ് തട്ടിപ്പ് വിവരം പുറത്തു വരുന്നത്. പഞ്ചായത്തിലെ താല്‍കാലി ജീവനക്കാരായ രണ്ട് യുവതികളാണ് തട്ടിപ്പിന് ചുക്കാന്‍ പിടിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇവരെ സംരക്ഷിക്കുന്നതിനായിട്ടാണ് പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും അടക്കമുള്ളവരുടെ ശ്രമം. 13 അംഗങ്ങളുള്ള പഞ്ചായത്ത് ഭരണ സമിതിയില്‍ എട്ട് അംഗങ്ങളാണ് എല്‍.ഡി.എഫിനുള്ളത്. സി.പി.ഐ അംഗമായ പ്രസിഡന്റും കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തില്‍പെട്ട വൈസ് പ്രസിഡന്റും ഒരു മെമ്പറും ഒഴികെ അഞ്ച് പേരും അഴിമതിക്കാരായ രണ്ട് പേര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തി. എന്നാല്‍ യു.ഡി.എഫിലെ അഞ്ച് പേരുടെ പിന്‍ബലത്തോടെ വോട്ടിനിട്ട തീരുമാനം പ്രസിഡന്റും വൈസ് പ്രസിഡന്റും അട്ടിമറിക്കുകയായിരുന്നു. ഭൂരി പഞ്ചായത്തിലെ താല്‍കാലിക ജീവനക്കാരായ ആറ് പേരെ മാറ്റി നിര്‍ത്തി അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ച പ്രസിഡന്റ് തട്ടിപ്പ് നടത്തിയ രണ്ട് പേരെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്ന ആക്ഷേപമാണ് ശക്തമാകുന്നത്. അതേസമയം സംഭവത്തില്‍ എല്‍.ഡി.എഫിലും സി.പി.എമ്മിലും വിവാദം ഉടലെടുത്തിട്ടുണ്ട്.
അസി.എഞ്ചിനീയര്‍, രണ്ട് ഓവര്‍സീയര്‍മാര്‍, മൂന്ന് ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍മാര്‍ എന്നിവരെയാണ് ഇപ്പോള്‍ അന്വേഷണ വിധേയമായി മാറ്റി നിര്‍ത്തിയിരിക്കുന്നത്. എന്നാല്‍ ഇക്കൂട്ടത്തില്‍ അഴിമതിയില്‍ പങ്കില്ലാത്തവരും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. 2017-18 മുതല്‍ നടത്തിയ മെറ്റീരിയല്‍ വര്‍ക്കിലെ ക്രമക്കേടാണ് കണ്ടെത്തിയിരിക്കുന്നത്. 967 മെറ്റീരിയല്‍ വര്‍ക്കിന്റെ ബോര്‍ഡു സ്ഥാപിക്കാന്‍ ആക്റ്റിവിറ്റി ഗ്രൂപ്പ് ഉണ്ടാക്കിയാണ് തുടക്കം. നിയമവിരുദ്ധമായി സി.ഡി.എസ്. ചെയര്‍ പേഴ്‌സനെ പ്രധാന ഭാരവാഹിയാക്കി ഏഞ്ചല്‍ ആക്റ്റിവിറ്റി ഗ്രൂപ്പ് രജിസ്റ്റര്‍ ചെയ്തു.
തുടര്‍ന്ന് വര്‍ക്ക് ബോര്‍ഡ് നിര്‍മിക്കാന്‍ ഈ ഗ്രൂപ്പിന്റെ പേരില്‍ ഭരണ പക്ഷത്തെ രണ്ടു പഞ്ചായത്ത് അംഗങ്ങള്‍ക്ക് കരാര്‍ നല്‍കി. ഒരു ബോര്‍ഡിന് 2952 രൂപയായിരുന്നു കരാര്‍ തുക. ഒരു ബോര്‍ഡിന് ചിലവാകുന്നതിന്റെ നാലിരട്ടി തുകയായിരുന്നു ഇത്. ഇതിനു ശേഷം കമ്പ്യൂട്ടര്‍ എന്‍ട്രികളില്‍ ഇരട്ടിപ്പു വരുത്തിയും ക്രമക്കേടു നടത്തി. ഇത്തരത്തില്‍ ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്തിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം.
ഇതു സംബന്ധിച്ച് മസ്റ്ററോള്‍, എം ബുക്ക്, വര്‍ക്ക് കോഡ് തുടങ്ങിയ ഉള്‍പ്പെടുന്ന രജിസ്റ്ററോ, മറ്റു രേഖകളോ ഉണ്ടായിരുന്നില്ല. ക്രമക്കേട് ശ്രദ്ധയില്‍ പെട്ടതോടെ പഞ്ചായത്തു സെക്രട്ടറി ജെ.പി.സി., ബി.ഡി.ഒ. എന്നിവര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
കേന്ദ്രാവിഷ്‌കൃത ഫണ്ട് ആയതിനാല്‍ പ്രസിഡന്റ്, സെക്രട്ടറി എന്നിവരുടെ ജോയിന്റ് അക്കൗണ്ടിലേക്കാണ് പണം എത്തുന്നത്. 2017 മുതല്‍ അതാതു കാലങ്ങളില്‍ ഉണ്ടായിരുന്ന പ്രസിഡന്റുമാരും , സെക്രട്ടറിമാരും, മെമ്പര്‍ സെക്രട്ടറിമാരും (സെക്ഷന്‍ ക്ലാര്‍ക്ക്) ക്രമക്കേടിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടിവരും.