ഡെവാൾഡ് ബ്രെവിസ് ആദ്യമായി സീനിയർ ടീമിൽ; ഓസ്ട്രേലിയക്കെതിരെ കളിക്കും
ഭാവിയിലെ ഏറ്റവും മികച്ച താരങ്ങളിലൊരാൾ എന്ന് വിലയിരുത്തപ്പെടുന്ന ദക്ഷിണാഫ്രിക്കൻ യുവതാരം ഡെവാൾഡ് ബ്രെവിസ് ആദ്യമായി സീനിയർ ടീമിൽ ഇടം പിടിച്ചു. ഓഗസ്റ്റ്, സെപ്തംബർ മാസങ്ങളിലായി ഓസ്ട്രേലിയക്കെതിരെ സ്വന്തം നാട്ടിൽ നടക്കുന്ന ഏകദിന, ടി-20 പരമ്പരയിലാണ് ബ്രെവിസ് ഇടം പിടിച്ചത്. ബേബി എബി എന്ന് വിളിപ്പേരുള്ള ബ്രെവിസ് ഇക്കഴിഞ്ഞ അണ്ടർ 19 ലോകകപ്പിൽ ഏറ്റവുമധികം റൺസ് നേടിയ ബ്രെവിസ് അന്ന് തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് താരത്തെ മുംബൈ ഇന്ത്യൻസ് ടീമിലെത്തിച്ചു. ബ്രെവിസിനൊപ്പം മാത്യു ബ്രീറ്റ്സ്കെ, ഡൊണോവൻ ഫെരേര എന്നിവർ ടി-20 ടീമിൽ കളിക്കും. എന്നാൽ, ഏകദിന ടീമിൽ ഇരുവരും ഉൾപ്പെട്ടിട്ടില്ല. പ്രമുഖ താരങ്ങളിൽ പലർക്കും ടി-20 പരമ്പരയിൽ വിശ്രമം നൽകിയിരിക്കുകയാണ്. ക്വിൻ്റൺ ഡികോക്ക്, ഡേവിഡ് മില്ലർ. ഹെൻറിച് ക്ലാസൻ, ആൻറിച് നോർക്കിയ, കഗീസോ റബാഡ തുടങ്ങിയ താരങ്ങൾ ടി-20 പരമ്പരയിൽ കളിക്കില്ല. ടെംബ ബാവുമയെ ടി-20 ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഏകദിനത്തിൽ ബാവുമയും ടി-20യിൽ എയ്ഡൻ മാർക്രവുമാണ് ടീമിനെ നയിക്കുക.