മൗവി കാട്ടുതീ: മരണം 55 ആയി
ഹോനലൂലൂ: യു.എസിലെ ഹവായി ദ്വീപസമൂഹത്തിന്റെ ഭാഗമായ മൗവി ദ്വീപിലെ അതിശക്തമായ കാട്ടുതീയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 55 ആയി. കാട്ടുതീ ഏറ്റവും കൂടുതല്‍ നാശം വിതച്ച റിസോര്‍ട്ട് നഗരമായ ലഹൈനയില്‍ മാത്രം 1,000ത്തിലേറെ കെട്ടിടങ്ങള്‍ ഇതുവരെ അഗ്നിക്കിരയായി. 100ലേറെ പേരെ കാണാനില്ല. 15,000ത്തിലേറെ ടൂറിസ്റ്റുകളെ ഒഴിപ്പിച്ചു. പ്രതിവര്‍ഷം 20 ലക്ഷം ടൂറിസ്റ്റുകളാണ് ലഹൈനയിലെത്തുന്നത്. ചൊവ്വാഴ്ചയാണ് മേഖലയില്‍ കാട്ടുതീ പൊട്ടിപ്പുറപ്പെട്ടത്. ഏകദേശം 80 ശതമാനത്തോളം കാട്ടുതീ നിയന്ത്രണവിധേയമാക്കിയെന്ന് അധികൃതര്‍ ഇന്നലെ അറിയിച്ചു. 1960ല്‍ 61 പേരുടെ മരണത്തിനിടയാക്കിയ സുനാമിയ്ക്ക് ശേഷം ഹവായിയിലുണ്ടാകുന്ന ഏറ്റവും വലിയ പ്രകൃതി ദുരന്തമാണിത്. മൗവിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. വൈദ്യുതി, ആശയവിനിമയ സംവിധാനങ്ങള്‍ തുടങ്ങിയവ പൂര്‍ണമായും പുനഃസ്ഥാപിക്കാനായിട്ടില്ല.
അതേ സമയം, കാട്ടുതീയുടെ കാരണം വ്യക്തമല്ല. ശക്തമായ ചൂടാകാമെന്നാണ് നിഗമനം. മൗവി ദ്വീപിന്റെ പടിഞ്ഞാറൻ തീരത്താരംഭിച്ച കാട്ടുതീ അതിവേഗം ലഹൈനയിലേക്ക് വ്യാപിക്കുകയായിരുന്നു. ഹവായിയില്‍ നിന്ന് നൂറുകണക്കിന് മൈല്‍ അകലെ തെക്കായി പസഫിക് സമുദ്രത്തിലൂടെ നീങ്ങിയ ഡോറ ചുഴലിക്കാറ്റിന്റെ പ്രഭാവത്തിലുണ്ടായ ശക്തമായ കാറ്റാണ് കാട്ടുതീയുടെ തീവ്രത കൂട്ടിയത്. അതേ സമയം, മൗവിയിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാൻ ഫെഡറല്‍ ഏജൻസികള്‍ക്ക് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ നിര്‍ദ്ദേശം നല്‍കി. ഹവായി ഗവര്‍ണര്‍ ജോഷ് ഗ്രീനുമായി ഫോണില്‍ സംസാരിച്ച ബൈഡൻ സ്ഥിതിഗതികള്‍ വിലയിരുത്തി. കാട്ടുതീയില്‍ ജീവൻ നഷ്ടമായവരുടെ കുടുംബങ്ങളുടെ വേദനയില്‍ പങ്കുചേരുന്നതായി ബൈഡൻ പറഞ്ഞു.