നൈജറിൽ കലാപം രൂക്ഷം; ഇന്ത്യക്കാർ ഉടൻ നാട്ടിലേക്ക് മടങ്ങണമെന്ന് അരിന്ദം ബാഗ്ചി
കലാപം ശക്തമാകുന്ന സാഹചര്യത്തിൽ ആഫ്രിക്കൻ രാജ്യമായ നൈജറിൽനിന്ന് ഇന്ത്യക്കാർ മടങ്ങിവരണമെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി. കലാപത്തിന്റെ പശ്ചാത്തലത്തിൽ വ്യോമപാതകൾ അടച്ചതിനാൽ കരമാർഗം മാത്രമേ യാത്ര ചെയ്യാനാവൂ. സ്ഥിതിഗതികൾ സര്‍ക്കാർ നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യക്കാർ എത്രയും പെട്ടെന്ന് നാട്ടിലേക്ക് മടങ്ങണം. ഇന്ത്യയിൽ നിന്ന് നൈജറിലേക്ക് യാത്ര ചെയ്യാൻ തയ്യാറെടുക്കുന്നവർ സ്ഥിതിഗതികൾ ശാന്തമാകുന്നതുവരെ യാത്ര മാറ്റിവയ്ക്കണമെന്നും ബാഗ്ചി നിർദേശിച്ചു.
ജൂലൈ 26ന് പ്രസിഡന്റ് മുഹമ്മദ് ബസൂമിനെ നിഷ്കാസിതനാക്കി സൈന്യം അധികാരം പിടിച്ചെടുത്തതോടെയാണ് നൈജറിൽ പ്രതിസന്ധി രൂക്ഷമായത്. മൂന്ന് വർഷത്തിനിടെ പടിഞ്ഞാറൻ, മധ്യ ആഫ്രിക്കയിലെ ഏഴാമത്തെ അട്ടിമറിയാണിത്. തീവ്രവാദികൾക്കെതിരായ പോരാട്ടത്തിൽ പാശ്ചാത്യ രാജ്യങ്ങളുമായി ചേർന്നു പ്രവർത്തിക്കുന്ന ആഫ്രിക്കൻ രാജ്യമാണ് നൈജർ. ഇതിന്റെ ഭാഗമായി യുഎസ്, ഫ്രാൻസ്, ഇറ്റലി എന്നിവിടങ്ങളിൽനിന്നുള്ള സൈന്യത്തേയും നൈജറിൽ വിന്യസിച്ചിട്ടുണ്ട്.