വിവാദ വാഴവെട്ട്: കർഷകന് കെഎസ്ഇബി നഷ്ടപരിഹാരം നൽകും തുക പ്രഖ്യാപിച്ചു
വിവാദ വാഴവെട്ട്: കർഷകന് കെഎസ്ഇബി നഷ്ടപരിഹാരം നൽകും, തുക പ്രഖ്യാപിച്ചു
വിഷയം വൻ വിവാദമായതോടെ കൃഷി വകുപ്പിന്റെയും വൈദ്യുതി വകുപ്പിന്റെയും മന്ത്രിമാർ തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു
തിരുവനന്തപുരം: വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേൽക്കുമെന്ന കാരണം പറഞ്ഞ് കുലച്ച വാഴകൾ വെട്ടിനശിപ്പിച്ച സംഭവത്തിൽ പ്രശ്ന പരിഹാരത്തിന് കെഎസ്ഇബി നീക്കം. മൂന്നര ലക്ഷം രൂപ വാഴകൾ നഷ്ടപ്പെട്ട കർഷകന് നഷ്ടപരിഹാരം നൽകും. ഇന്ന് കൃഷി വകുപ്പിന്റെയും വൈദ്യുതി വകുപ്പിന്റെയും മന്ത്രിമാർ തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ചിങ്ങം ഒന്നിന് തന്നെ പണം നൽകുമെന്ന് സംസ്ഥാന വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
കോതമംഗലം വാരപ്പെട്ടിയിലാണ് കെഎസ്ഇബി 220 കെ വി ലൈനിന് താഴെയുള്ള ഭൂമിയിലെ വാഴകൃഷി വെട്ടി നശിപ്പിച്ചത്. ലൈൻ തകരാർ പരിഹരിക്കുന്നതിന് വേണ്ടിയെന്ന് കാരണം പറഞ്ഞാണ് വൈദ്യുതി വകുപ്പ് ജീവനക്കാർ കുലച്ച വാഴകൾ വെട്ടിയത്. വാരപ്പെട്ടിയിലെ കാവുംപുറം തോമസിന്‍റെ 406 വാഴകളാണ് വാഴയില തട്ടി ലൈൻ തകരാറായെന്ന കാരണം ചൂണ്ടിക്കാട്ടി കെ എസ് ഇ ബി വെട്ടിക്കളഞ്ഞത്.
വിളവെടുപ്പിന് തയ്യാറായിരുന്ന വാഴകളാണ് വെട്ടിയതെന്നും, കർഷകനെ മുന്‍കൂട്ടി അറിയിക്കാൻ പറ്റിയില്ലെന്നതും നഷ്ടപരിഹാരം നൽകാനുള്ള തീരുമാനത്തിലേക്ക് എത്തിച്ചെന്ന് മന്ത്രി പറയുന്നു. കർഷകന് ഉണ്ടായ സാമ്പത്തിക നഷ്ടവും കൂടി കണക്കാക്കി മാനുഷിക പരിഗണന നൽകിയാണ് ഒരു പ്രത്യേക കേസായി പരിഗണിച്ച് ധനസഹായം നല്‍കുവാന്‍ തീരുമാനിച്ചത്. പണം ചിങ്ങം ഒന്നിന് തന്നെ തോമസിന് നൽകാൻ കെഎസ്ഇബി എംഡിക്ക് മന്ത്രി നിർദ്ദേശം നൽകി.
കെഎസ്ഇബിയുടെ വാഴ വെട്ടൽ; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ, 15 ദിവസത്തിനകം വിശദീകരണം നൽകണം
തോമസ്സിന്‍റെയും മകൻ അനീഷിന്‍റെയും പത്ത് മാസക്കാലത്തെ അദ്ധ്വാനമാണ് നിർദാക്ഷിണ്യം വെട്ടിനശിപ്പിച്ചത്. കൃഷിയിറക്കിയ ഒരേക്കറിൽ അര ഏക്കറോളം സ്ഥലത്തെ വാഴകളും നശിപ്പിക്കപ്പെട്ടു. ഓണവിപണി മുന്നിൽ കണ്ട് ഇറക്കിയ വിളവ് ഒരു മുന്നറിയിപ്പ് പോലും നൽകാതെയാണ് നശിപ്പിച്ചത്. കെഎസ്ഇബിയുടെ നടപടിയിൽ നാല് ലക്ഷം രൂപയുടെ നഷ്ടമെന്നായിരുന്നു കർഷകൻ പറഞ്ഞത്.
ഇടുക്കി കോതമംഗലം 220 കെ വി ലൈൻ തകരാറിയപ്പോൾ പരിഹരിക്കുന്നതിന് വേണ്ടിയാണ് വാഴകൃഷി വെട്ടിയതെന്നാണ് കെഎസ്ഇബി വിശദീകരണം. കാറ്റടിച്ചപ്പോൾ തോമസ്സിന്‍റെ വാഴയുടെ ഇലകള്‍ ലൈനിന് സമീപം എത്തി ചില വാഴകള്‍ക്ക് തീ പിടിച്ചു. പരിശോധനയിൽ സമീപവാസിയായ ഒരു സ്ത്രീയ്ക്ക് ചെറിയ തോതില്‍ വൈദ്യുതാഘാതം ഏറ്റതായും മനസ്സിലാക്കി. ഇടുക്കി – കോതമംഗലം 220 കെ വി ലൈന്‍ പുനസ്ഥാപിക്കേണ്ടത് അത്യാവശ്യമായതിനാല്‍, മനുഷ്യ ജീവന് അപകടം ഉണ്ടാകാനുള്ള സാധ്യത ഒഴിവാക്കി വാഴകള്‍ വെട്ടിമാറ്റി ലൈന്‍ ചാര്‍ജ് ചെയ്തു എന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.