വിരുന്നെത്തിയ ഇന്ത്യന്‍ കാക്കകള്‍ മടങ്ങുന്നില്ല; നിയന്ത്രണത്തിനൊരുങ്ങി പരിസ്ഥിതി വകുപ്പ്


ജീസാൻ: തെക്കുപടിഞ്ഞാറൻ തീരനഗരമായ ജീസാനിലും ഫറസാൻ ദ്വീപിലും വിരുന്നെത്തിയ ഇന്ത്യൻ കാക്കകള്‍ മടങ്ങുന്നില്ല. എണ്ണം പെരുകുകയും ശല്യം വര്‍ധിക്കുകയും ചെയ്തതോടെ നിയന്ത്രണ നടപടിക്ക് ഒരുങ്ങി അധികൃതര്‍.എണ്ണം അമിതമായി വര്‍ധിച്ചതു കാരണം ഇതര ചെറുജീവികളുടെ എണ്ണം വൻതോതില്‍ കുറഞ്ഞതായി കണ്ടെത്തി. ഇത് ജീവജാലങ്ങളുടെ നിലനില്‍പിനെ ബാധിക്കും എന്നതിനാല്‍ കാക്കകളുടെ എണ്ണം നിയന്ത്രിക്കേണ്ടതുണ്ട് എന്ന തീരുമാനത്തിലാണ് വനം, പരിസ്ഥിതി വകുപ്പ്. കാക്കകള്‍ ചെറുപ്രാണികളെ മുഴുവൻ അകത്താക്കുന്നതായും ഇത്തരത്തില്‍ പല ജീവികളും അപ്രത്യക്ഷമാകുന്നതായും കണ്ടെത്തിയിട്ടുണ്ട്. കാക്കകള്‍ ഇവിടങ്ങളില്‍ കൂടുകൂട്ടുകയും താവളമടിക്കുകയും ചെയ്യുന്നത് തടയാനുള്ള മുന്നൊരുക്കത്തിലാണ് പരിസ്ഥിതി വകുപ്പ്.ഇന്ത്യയില്‍നിന്ന് കടല്‍ കടന്നെത്തുന്ന കാക്കകള്‍ മലയാളികള്‍ക്ക് ആദ്യമൊക്കെ കൗതുകമായിരുന്നു. സൗദിയുടെ ചില ഭാഗങ്ങളില്‍ മാത്രമാണ് കാക്കകളെ കണ്ടുവരാറുള്ളത്.