മധ്യപ്രദേശില്‍ ആദിവാസി യുവാവിനെ വെടിവെച്ച ബി.ജെ.പി എം.എല്‍.എയുടെ മകനായി തിരച്ചില്‍
ഭോപാല്‍: വ്യാഴാഴ്ച മധ്യപ്രദേശില്‍ ആദിവാസിക്ക് നേരെ വെടിയുതിര്‍ത്ത ബി.ജെ.പി എം.എല്‍.എയുടെ മകൻ ഒളിവില്‍. മധ്യപ്രദേശില്‍ നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. ശിവരാജ് സിങ് ചൗഹാൻ ഭരിക്കുന്ന സംസ്ഥാനത്ത് തുടര്‍ച്ചയായി കുറ്റകൃത്യങ്ങള്‍ നടക്കുന്നതിന് എതിരെ പ്രതിപക്ഷം രംഗത്തുവന്നിട്ടുണ്ട്. ആദിവാസികള്‍, ദലിതര്‍ തുടങ്ങിയ വിഭാഗങ്ങളിലെ ആളുകളെ ഉപദ്രവിക്കുക എന്നത് മാത്രമായോ ബി.ജെ.പി നേതാക്കളുടെ ജോലിയെന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷൻ കമല്‍നാഥ് ചോദിച്ചു. ബി.ജെ.പി സിങ്ഗ്രൗലി എം.എല്‍.എ രാം ലല്ലു വൈശ്യയുടെ മകൻ വിവേകാനന്ദ് വൈശ്യയാണ് 34 കാരനായ സൂര്യ കുമാര്‍ ഖൈര്‍വാറിന് നേരെ വ്യാഴാഴ്ച വൈകീട്ട് വെടിയുതിര്‍ത്തത്. കൊലപാതകശ്രമത്തിനും പട്ടികജാതി-പട്ടികവര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമത്തിലെയും ആയുധ നിയമത്തിലെയും വകുപ്പുകള്‍ പ്രകാരവും ഇയാള്‍ക്കെതിരെ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തിട്ടുണ്ട്. സിങ്‌ഗ്രൗലി ജില്ലാ ആസ്ഥാനത്ത് നിന്ന് 25 കിലോമീറ്റര്‍ അകലെ തന്റെ കാറില്‍ സഞ്ചരിക്കുകയായിരുന്ന വൈശ്യ റോഡില്‍ നില്‍ക്കുന്ന ഒരു സംഘം ആളുകളുമായി വാക്കേറ്റമുണ്ടായതായി പൊലീസ് പറഞ്ഞു. ഇത് പരിഹരിക്കാൻ ശ്രമിക്കവെയാണ് ഖൈര്‍വാറലനെതിവെ വൈശ്യ വെടിയുതിര്‍ത്തത്. കൈപ്പത്തിയില്‍ വെടിയേറ്റ അദ്ദേഹത്തെ ഉടൻ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇപ്പോള്‍ നില മെച്ചപ്പെട്ടതായും പൊലീസ് അറിയിച്ചു. വൈശ്യയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10,000 രൂപ പ്രതിഫലം പ്രഖ്യാപിച്ചിട്ടുണ്ട്. ആദ്യമായല്ല വൈശ്യ ഇത്തരം കുറ്റകൃത്യം നടത്തുന്നത്. കഴിഞ്ഞ വര്‍ഷം ഫോറസ്റ്റ് ഗാര്‍ഡുകളെ മര്‍ദിച്ചതിന് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു. ആ കേസില്‍ ജാമ്യത്തിലാണ്. എം.എല്‍.എ രാം ലല്ലു വൈശ്യ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.