തോഷഖാന അഴിമതി കേസ്: പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് മൂന്ന് വര്‍ഷം തടവ്


തോഷഖാന അഴിമതി കേസിൽ പാകിസ്താൻ മുൻ പ്രധാനമന്ത്രിയും തെഹ്‌രീകെ ഇൻസാഫ് പാർട്ടി തലവനുമായ ഇമ്രാൻ ഖാന് തിരിച്ചടി. കേസിൽ ഇമ്രാൻ ഖാൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി മൂന്ന് വർഷത്തെ തടവിന് ശിക്ഷിച്ചു. ഒരു ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. പിഴയടച്ചില്ലെങ്കിൽ ആറുമാസം കൂടി ജയിലിൽ കഴിയേണ്ടിവരുമെന്ന് പാക് പത്രമായ ‘ദ ഡോൺ’ റിപ്പോർട്ട് ചെയ്തു.
ഇസ്ലാമാബാദിലെ വിചാരണ കോടതിയാണ് ഇമ്രാനെ 3 വർഷം തടവിന് ശിക്ഷിച്ചത്. കുറ്റം തെളിഞ്ഞതിനെ തുടർന്നാണ് വിചാരണ കോടതി വിധി പ്രസ്താവിച്ചത്. കോടതി വിധിയെ തുടർന്ന് പി.ടി.ഐ ചെയർമാനെ സമാൻ പാർക്കിലെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തതായി അദ്ദേഹത്തിന്റെ പാർട്ടി ട്വീറ്റിൽ അറിയിച്ചു. ജിയോ ന്യൂസ് ചാനലിന്റെ റിപ്പോർട്ട് പ്രകാരം വസതിയിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. സമാന് പാർക്ക് റോഡിൽ ഗതാഗതം നിർത്തിവച്ചു. ഒത്തുചേരൽ അനുവദനീയമല്ല. സമരക്കാരെ അറസ്റ്റ് ചെയ്യും.
കോടതി വിധിക്ക് പിന്നാലെ ഇമ്രാന്റെ രാഷ്ട്രീയ ജീവിതം പ്രതിസന്ധിയിലായിരിക്കുകയാണ്. അടുത്ത അഞ്ച് വർഷത്തേക്ക് അദ്ദേഹത്തിന് തെരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല. തോഷഖാന കേസിൽ തെറ്റായ പ്രസ്താവനകൾ നടത്തിയതിന് പാകിസ്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞ വർഷം ഒക്ടോബർ 21 ന് മുൻ പ്രധാനമന്ത്രിയെ അയോഗ്യനാക്കിയിരുന്നു. തോഷഖാന കേസിൽ ഇളവ് ആവശ്യപ്പെട്ട് ഇമ്രാൻ ഖാന്റെ ഹർജി പാകിസ്താൻ സുപ്രീം കോടതി നേരത്തെ തള്ളി.
അതേസമയം നിലവിലെ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ഓഗസ്റ്റ് 9 ന് പാർലമെന്റ് പിരിച്ചുവിടുമെന്ന് പാകിസ്താനിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 90 ദിവസത്തിനുള്ളിൽ രാജ്യത്ത് പൊതു തെരഞ്ഞെടുപ്പ് നടക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.