റഷ്യന്‍ കപ്പല്‍ ആക്രമിച്ച് യുക്രെയിന്‍
കീവ് : കരിങ്കടലില്‍ തങ്ങളുടെ നാവിക ഡ്രോണ്‍ നടത്തിയ ആക്രമണത്തില്‍ റഷ്യൻ നാവികസേനയുടെ കപ്പലിന് വൻനാശനഷ്ടമുണ്ടായെന്ന് യുക്രെയിൻ. റഷ്യൻ തുറമുഖമായ നൊവോറോസിസ്കിന് സമീപത്ത് വച്ചാണ് കപ്പല്‍ ആക്രമിക്കപ്പെട്ടതെന്നാണ് വിവരം.
അതേ സമയം, തങ്ങളുടെ നാവിക താവളത്തിന് നേരെ യുക്രെയിൻ നടത്തിയ ആക്രമണശ്രമം തകര്‍ത്തെന്നാണ് റഷ്യൻ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടത്. യുക്രെയിന്റെ രണ്ട് നാവിക ഡ്രോണുകള്‍ നശിപ്പിച്ചെന്നും റഷ്യ പറയുന്നു. കപ്പലിന് നാശനഷ്ടമുണ്ടായോ എന്നത് സംബന്ധിച്ച് റഷ്യ പ്രതികരിച്ചിട്ടില്ല.
റഷ്യയുടെ ഒലെനഗോര്‍സ്കീ ഗോര്‍ന്യാക് എന്ന കപ്പലിന് നേരെയാണ് തങ്ങള്‍ ആക്രമണം നടത്തിയതെന്ന് യുക്രെയിൻ സെക്യൂരിറ്റി സര്‍വീസ് പറയുന്നു. 450 കിലോ ഡൈനാമൈറ്റുമായാണ് ഡ്രോണ്‍ ആക്രമണം നടത്തിയതെന്നും ചൂണ്ടിക്കാട്ടുന്നു. കപ്പലിന്റെയടുത്തേക്ക് നീങ്ങുന്ന ഡ്രോണിന്റെ ദൃശ്യങ്ങളും പുറത്തുവിട്ടു.
ആക്രമണത്തിന് പിന്നാലെ നൊവോറോസിസ്ക് തുറമുഖത്ത് നിന്നുള്ള കപ്പല്‍ ഗതാഗതം താത്കാലികമായി നിറുത്തിയെന്ന് സൂചനയുണ്ട്. തെക്കൻ യുക്രെയിനിലേക്കും മറ്റും റഷ്യൻ സേനയ്ക്ക് ആയുധങ്ങള്‍ എത്തിക്കുന്ന പ്രധാന തുറമുഖമാണിവിടം. നേരത്തെ റഷ്യയ്ക്കുള്ളില്‍ മോസ്കോ അടക്കമുള്ള നഗരങ്ങളിലും വ്യാപക ഡ്രോണ്‍ ആക്രമണങ്ങളുണ്ടായിരുന്നു. ആക്രമണങ്ങളുടെ ഉത്തരവാദിത്വം യുക്രെയിൻ പരസ്യമായി അംഗീകരിച്ചിരുന്നില്ല