ബിരുദ കോഴ്‌സുകളില്‍ അപേക്ഷകര്‍ കുത്തനെ കുറഞ്ഞു; വിദ്യാര്‍ത്ഥികള്‍ കേരളം വിടുന്നെന്ന വാദം ശരിവച്ച് കണക്കുകള്‍
പ്ലസ് ടു ജയിക്കുന്ന വിദ്യാര്‍ത്ഥികള്‍ കേരളം വിടുന്നെന്ന വാദം ശരിവച്ച് കണക്കുകള്‍. മുന്‍വര്‍ഷത്തേക്കാള്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പ്ലസ് ടു ജയിച്ചിട്ടും സംസ്ഥാനത്തെ ബിരുദ കോഴ്‌സുകളില്‍ അപേക്ഷകരുടെ എണ്ണം കുത്തനെ കുറഞ്ഞു. സയന്‍സ് കോഴ്‌സുകള്‍ക്കാണ് അപേക്ഷകര്‍ ഏറ്റവും കുറവ്. ആര്‍ട്‌സ്, ഹ്യുമാനിറ്റീസ്, കൊമേഴ്‌സ് ബിരുദ കോഴ്‌സുകള്‍ക്ക് ഇപ്പോഴും സംസ്ഥാനത്ത് ആവശ്യക്കാരുണ്ട്. വിദ്യാര്‍ത്ഥികളില്‍ ഭൂരിപക്ഷവും സംസ്ഥാനത്തിന് പുറത്തേക്കും വിദേശത്തേക്കും പോകുന്നുവെന്നാണ് ഇതു നല്‍കുന്ന സൂചന. ഇത്തവണ പ്ലസ്ടു ജയിച്ചത് 3,12,005 വിദ്യാര്‍ഥികളാണ്. മുന്‍വര്‍ഷത്തേക്കാള്‍ 10,000 പേര്‍ കൂടുതല്‍ ഉന്നത പഠനത്തിന് യോഗ്യത നേടി. പക്ഷേ കോളേജുകളില്‍ പലയിടത്തും സീറ്റുകള്‍ വിദ്യാര്‍ത്ഥികളെ കിട്ടാതെ ഒഴിഞ്ഞുകിടക്കുകയാണ്. കേരള സര്‍വകലാശാലയില്‍ കഴിഞ്ഞ വര്‍ഷം ഡിഗ്രിക്ക് 56,000 അപേക്ഷകരുണ്ടായിരുന്നു. ഇത്തവണ അത് 50,000 ആയി കുറഞ്ഞു. കഴിഞ്ഞ വര്‍ഷം 63,107 അപേക്ഷകരുണ്ടായിരുന്ന എം.ജി. സര്‍വകലാശാലയില്‍ ഇത്തവണ ലഭിച്ചത് 55,231 അപേക്ഷകള്‍ മാത്രമാണ്. 7876 അപേക്ഷകളുടെ കുറവുണ്ടായി. സാധാരണ ഡിഗ്രി സീറ്റുകള്‍ കൂടുതലുള്ളത് കാലിക്കറ്റ് സര്വകലാശാലയിലാണ്. മുന്‍വര്‍ഷം ലഭിച്ചത് 1,07,397 അപേക്ഷകളെങ്കില്‍ ഇത്തവണ വന്നത് 1,04,890 എണ്ണം മാത്രം. കണ്ണൂര്‍ സര്‍വകലാശാലയിലാണ് അപേക്ഷകരുടെ എന്നതില്‍ വലിയ കുറവുണ്ടായത്. കണ്ണൂര്‍ സര്‍വകലാശാലയില്‍ 7200 അപേക്ഷകരുടെ കുറവാണുള്ളത്.
സര്‍ക്കാര്‍-എയ്ഡഡ് കോളേജുകളില്‍ കഴിഞ്ഞ വര്‍ഷം 25 ശതമാനത്തോളം സീറ്റുകളില്‍ ആളുണ്ടായിരുന്നില്ല. 26000 ഡിഗ്രി സീറ്റുള്ള കേരള യൂണിവേഴ്സിറ്റിയില്‍ മാത്രം കഴിഞ്ഞ വര്‍ഷം 6000 എണ്ണമാണ് ഒഴിഞ്ഞുകിടന്നത്. സപ്ലിമെന്ററി അലോട്ട്മെന്റുകളോടെ, ഇത്തവണ സര്‍ക്കാര്‍-എയ്ഡഡ് സീറ്റുകള്‍ ഏറെക്കുറെ പൂര്‍ത്തിയാവുമെന്ന പ്രതീക്ഷയിലാണ് സര്‍വകലാശാലകള്‍. സ്വാശ്രയ കോളേജുകള്‍ക്കാണ് ശരിക്കും പണി കിട്ടുക.
വിദേശ പഠനത്തിനായി നൂറുകണക്കിന് വിദ്യാര്‍ത്ഥികളാണ് ഓരോ വര്‍ഷവും വിമാനം കയറുന്നത്. കുറഞ്ഞ തൊഴില്‍ സാധ്യതയും അശാസ്ത്രീയമായി കോഴ്സുകളും കോളേജുകളും അനുവദിച്ചതുമെല്ലാം ഈ പ്രതിസന്ധിക്ക് ആക്കം കൂട്ടിയിട്ടുണ്ട്. പ്രഖ്യാപനങ്ങള്‍ക്കപ്പുറം ഉന്നതവിദ്യാഭ്യാസ മേഖലയില്‍ സമഗ്രമായ മാറ്റം വേണമെന്നാണ് വിദ്യാഭ്യാസ പ്രവര്‍ത്തകരുടെ ആവശ്യം.