മണിപ്പൂരിൽ വീണ്ടും സംഘർഷം: മെയ്തേയ് സ്ത്രീകളും സായുധ സേനയും ഏറ്റുമുട്ടി, 17 പേർക്ക് പരിക്ക്


വർഗീയ കലാപം തുടരുന്ന മണിപ്പൂരിൽ വീണ്ടും സംഘർഷം. വ്യാഴാഴ്ച ബിഷ്ണുപൂർ ജില്ലയിൽ സായുധ സേനയും മെയ്തേയ് സമുദായ പ്രതിഷേധക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടി. കാങ്‌വായ്, ഫൗഗക്‌ചാവോ മേഖലയിൽ നടന്ന സംഘർഷത്തിൽ 17 പേർക്ക് പരിക്കേറ്റതായി അധികൃതർ അറിയിച്ചു.
മെയ്തേയ് സ്ത്രീകൾ ജില്ലയിലെ കാങ്‌വായ്, ഫൗഗക്‌ചാവോ മേഖലകളിൽ ബാരിക്കേഡ് സോൺ കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം. അസം റൈഫിൾസും റാപ്പിഡ് ആക്ഷൻ ഫോഴ്സും (RAF) അവരെ തടഞ്ഞു. തുടർന്ന് പ്രതിഷേധക്കാർ സേനയ്ക്ക് നേരെ കല്ലേറിഞ്ഞു. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ സായുധ സേനയും മണിപ്പൂർ പൊലീസും കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ചു.
അതേസമയം, കൂടുതൽ അക്രമസംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ സ്ഥലത്ത് വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചു. അക്രമത്തിന്റെ പശ്ചാത്തലത്തിൽ, ഇംഫാൽ ഈസ്റ്റിലും വെസ്റ്റിലും നൽകിയ കർഫ്യൂ ഇളവുകൾ പിൻവലിച്ചതായി ജില്ലാ മജിസ്‌ട്രേറ്റുകൾ അറിയിച്ചു. മുൻകരുതലിന്റെ ഭാഗമായി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇംഫാൽ താഴ്‌വരയിൽ നേരത്തെ തന്നെ രാത്രി കർഫ്യൂ നിലവിലുണ്ട്.