സാമ്പത്തികത്തട്ടിപ്പ് കേസ് പ്രതികളിൽ കർണാടക പൊലീസ് കൈക്കൂലിയായി വാങ്ങിയത് 4 ലക്ഷം രൂപ; അറസ്റ്റ് ഇന്നുണ്ടാവും
സാമ്പത്തികത്തട്ടിപ്പ് കേസ് പ്രതികളിൽ കർണാടക പൊലീസ് കൈക്കൂലിയായി വാങ്ങിയത് 4 ലക്ഷം രൂപ. കൈക്കൂലിയായി വാങ്ങിയ നാല് ലക്ഷം രൂപ പൊലീസുകാരുടെ വാഹനത്തിൽ നിന്ന് കളമശ്ശേരി പൊലീസ് കണ്ടെത്തി. പൊലീസുകാരുടെ അറസ്റ്റ് ഇന്നുണ്ടാവും. 26 ലക്ഷം രൂപയുടെ ക്രിപ്റ്റോ കറൻസി സാമ്പത്തിക തട്ടിപ്പ് കേസിലാണ് അഖിൽ, നിഖിൽ എന്നീ പ്രതികളെ കർണാടക പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രതികളോട് ഇവർ ചോദിച്ചത് 10 ലക്ഷം രൂപയായിരുന്നു. എന്നാൽ, പ്രതികൾക്ക് നാല് ലക്ഷം രൂപയേ നൽകാനായുള്ളൂ. ഈ പണം വാങ്ങിയശേഷം പ്രതികളിൽ ഒരാളായ അഖിലിനെ വഴിയിൽ ഇറക്കി വിട്ടു. ബാക്കി 6 ലക്ഷം രൂപ കൂടി വേണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് വിവരം ബന്ധുക്കൾ പൊലീസിനെ അറിയിച്ചു.
നെടുമ്പാശ്ശേരി എയർപോർട്ട് റോഡിൽ വച്ചാണ് കളമശ്ശേരി പൊലീസ് കർണാടക പൊലീസിനെ പിടികൂടിയത്. വൈറ്റ് ഫോർട്ട് സ്റ്റേഷനിലെ മൂന്ന് പൊലീസുകാരെ കസ്റ്റഡിയിലെടുത്തു. ശിവണ്ണ, സന്ദേശ്, വിജയകുമാർ എന്നീ പൊലീസുകാരാണ് കസ്റ്റഡിയിലുള്ളത്. ഭീഷണിപ്പെടുത്തി പണം തട്ടൽ അടക്കം തുടങ്ങി ഗുരുതരമായ കുറ്റങ്ങൾ ചുമത്തിയാണ് നിലവിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കർണാടകയിലെ വൈറ്റ്‌ഫോർട്ട് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് അന്വേഷിക്കുന്നതിനായാണ് ഇവർ കേരളത്തിലെത്തിയത്. തുടർന്ന് പ്രതികളുമായി മടങ്ങവേയാണ് പ്രതികളുടെ ബന്ധുക്കളുടെ പരാതിയിൽ കസ്റ്റഡിയിലാകുന്നത്.