തൊട്ടാൽ പൊള്ളും ഓണത്തിന് മുൻപേ റെക്കാഡ് തൊട്ട് അരിവില; പിന്നിൽ ഈ സംസ്ഥാനങ്ങളുടെ പ്രത്യേക താത്പര്യം
തിരുവനന്തപുരം: സാധാരണക്കാരുടെ ജീവിതം കൂടുതൽ ദുസ്സഹമാക്കി ഒരിടവേളയ്ക്കു ശേഷം പൊതു വിപണിയിൽ അരി വില കുത്തനെ ഉയരുന്നു. ഓണമെത്തുന്നതിന് മുൻപ് തന്നെ തൊട്ടാൽ പൊള്ളുന്ന നിലയിലേയ്ക്ക് അരിവില കുതിക്കുന്നത് ആശങ്കയുണർത്തുന്നു. ഇങ്ങനെ പോയാൽ ഓണക്കാലമെത്തുമ്പോൾ അരിവില 60 കടക്കുമെന്ന സ്ഥിതിയാണിപ്പോഴുള്ളത്.
ജയ അരിയുടെ വില വർദ്ധിച്ച് 40ലെത്തിയിട്ടുണ്ട്. ചില്ലറ വിപണിയിൽ ഇതിലും ഉയർന്ന വില നൽകേണ്ടി വരും. കഴിഞ്ഞ ദിവസങ്ങളിലായി അഞ്ച് രൂപയാണ് വർദ്ധിച്ചത്. ചിങ്ങം പിറക്കുന്നതിന് മുൻപാണ് വില ഇങ്ങനെ കുതിക്കുന്നത് എന്നതാണ് ശ്രദ്ധേയം. പച്ചരിയ്ക്കും വില വർദ്ധനയുണ്ടായി. കഴിഞ്ഞ ദിവസങ്ങളിലായി നാല് രൂപയാണ് കൂടിയത്. കേരളത്തിലേയ്ക്ക് അരി എത്തിച്ചിരുന്ന ആന്ധ്രയുൾപ്പെടെയുള്ള സംസ്ഥാനങ്ങൾ കയറ്റുമതിയ്ക്ക് കൂടുതൽ പ്രാധാന്യം നൽകിയതാണ് വിലക്കയറ്റത്തിന് കാരണമെന്നാണ് സൂചന. വിലക്കയറ്റത്തിനിടയിലും വിപണിയിൽ അരിയ്ക്ക് ക്ഷാമമില്ല എന്നത് ആശ്വാസം പകരുന്നുണ്ട്. എന്നാൽ ഓണക്കാലത്തിന് മുൻപ് വിലനിയന്ത്രിക്കാനുള്ള നടപടികൾ കൈക്കൊണ്ടില്ലെങ്കിൽ നിലവിലെ സ്ഥിതി മാറിമറിയാനാണ് സാദ്ധ്യത.
മഴ ബാധിച്ചതോടെ രാജ്യത്തെ കർഷകർ അരി ഉത്പാദനത്തിന്റെ തോത് ഗണ്യമായി കുറച്ചിരുന്നു. പിന്നാലെ ആഭ്യന്തര വിപണിയിൽ അരി വില ക്രമാതീതമായി ഉയരാതിരിക്കാൻ കേന്ദ്രസർക്കാർ അരിയുടെ കയറ്റുമതി നിർത്തിവെച്ചിരുന്നു. അതേസമയം ഇന്ത്യയുടെ കയറ്റുമതി നിരോധനം അമേരിക്ക അടക്കമുള്ള ലോകരാജ്യങ്ങളിലെ വിപണിയെ സ്വാധീനിച്ചിരുന്നു. വിയറ്റ്നാം അടക്കമുള്ള മറ്റ് രാജ്യങ്ങളിൽ നിന്ന് കയറ്റുമതി ചെയ്യുന്ന അരിയുടെ വിലയും ഇതോടെ ഗണ്യമായി വർദ്ധിച്ചിട്ടുണ്ട്. കൂടാതെ ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്ത അരിയുടെ കയറ്റുമതിയും പുനർ കയറ്റുമതിയും യുഎഇ കഴിഞ്ഞ വെള്ളിയാഴ്ച മുതൽ നിർത്തിവെച്ചിരിക്കുകയാണ്.