‘രക്ഷാബന്ധൻ മുസ്ലീം സഹോദരിമാർക്കൊപ്പം ആഘോഷിക്കൂ’; ബിജെപി നേതാക്കളോട് മോദി
ഇത്തവണ മുസ്ലീം സഹോദരിമാർക്കൊപ്പം രക്ഷാബന്ധൻ ദിനം ആഘോഷിക്കാൻ ബിജെപി നേതാക്കളോട് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുത്തലാഖ് നിരോധിക്കാനുള്ള സർക്കാർ തീരുമാനം മുസ്ലീം സ്ത്രീകൾക്ക് കൂടുതൽ സുരക്ഷിതത്വബോധം ഉണ്ടാക്കിയതായും മോദി അവകാശപ്പെട്ടു.
പശ്ചിമ ബംഗാൾ, ഒഡീഷ, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ എൻഡിഎ എംപിമാരുമായി തിങ്കളാഴ്ച രാത്രി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി ഇക്കാര്യം നിർദേശിച്ചത്. മുത്തലാഖ് നിരോധിക്കാനുള്ള തന്റെ സർക്കാർ തീരുമാനം മുസ്ലീം സ്ത്രീകളിൽ സുരക്ഷിതത്വബോധം വർധിപ്പിച്ചെന്ന് മോദി പറഞ്ഞു. രക്ഷാബന്ധൻ ദിനത്തിൽ മുസ്ലീം സ്ത്രീകളിലേക്ക് തന്റെ സന്ദേശം എത്തിക്കാൻ ബിജെപി നേതാക്കളോട് അദ്ദേഹം ആവശ്യപ്പെട്ടു.
2024ൽ ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സമൂഹത്തിലെ വിവിധ വിഭാഗങ്ങളുടെ ക്ഷേമത്തിനായി സർക്കാർ കൊണ്ടുവന്ന പദ്ധതികളെ കുറിച്ചും പ്രധാനമന്ത്രി വിശദീകരിച്ചു. പ്രധാനമന്ത്രിയുടെ നിർദ്ദേശം സമൂഹത്തിലെ ഒരു വിഭാഗവുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനാണെന്ന് യോഗത്തിൽ പങ്കെടുത്ത ഒരു പാർലമെന്റ് അംഗം പറഞ്ഞു. പിന്നാക്കക്കാരായ മുസ്ലീങ്ങളെ ബി.ജെ.പിയിലേക്ക് അടുപ്പിക്കാൻ ഇത് സഹായിക്കുമെന്നാണ് വിലയിരുത്തൽ.