ജനങ്ങളുടെ മനസിൽ ഇടം പിടിച്ച നേതാവിനെ ആണ് നഷ്ടമായിരിക്കുന്നത്; അനുശോചിച്ച് മന്ത്രിമാർ


കോൺഗ്രസ് നേതാവും മുൻ മന്ത്രിയും മുൻ ഗവർണറും ആയിരുന്ന വക്കം പുരുഷോത്തമന്റെ നിര്യാണത്തിൽ അനുശോചിച്ച് മന്ത്രിമാർ. ജനങ്ങളുടെ മനസ്സിൽ ഇടം പിടിച്ച നേതാവിനെ ആണ് നഷ്ടമായിരിക്കുന്നത്. മികച്ച പാർലമെന്റേറിയനും ഭരണാധികാരിയുമായിരുന്നു വക്കം പുരുഷോത്തമനെന്ന് മന്ത്രി വി ശിവൻകുട്ടി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
വക്കം പുരുഷോത്തമന്റെ നിര്യാണത്തിൽ മുൻ സ്പീക്കറും മന്ത്രിയുമായ കെ രാധാകൃഷ്ണൻ അനുശോചിച്ചു. പ്രഗത്ഭനായ ഒരു പാർലമെന്ററിയനായ വക്കം നിയമ നിർമ്മാണസഭയെ ഫലപ്രദമായി ഉപയോഗിച്ച
കർക്കശക്കാരനായ സഭാ നാഥനായിരുന്നു.2001 മുതൽ 2004 വരെ അദ്ദേഹം സ്പീക്കറായ സഭയിൽ ഞാൻ പ്രതിപക്ഷ ചീഫ് വിപ്പായിരുന്നു. പൊതുരംഗത്ത് അദ്ദേഹം ചെയ്ത സേവനങ്ങൾ എന്നും സ്മരിക്കപ്പെടും. – കെ രാധാകൃഷ്ണൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
കൂടാതെ മന്ത്രിമാരായ സജി ചെറിയാൻ, പി പ്രസാദ്, പ്രതിപക്ഷ നേതാവ്, സ്പീക്കർ മറ്റ് നേതാക്കളും അനുശോചനം രേഖപ്പെടുത്തി. മുതിർന്ന കോൺഗ്രസ് നേതാവ് വക്കം പുരുഷോത്തമൻ അന്തരിച്ചു. 96 വയസ്സായിരുന്നു. തിരുവനന്തപുരം കുമാരപുരത്തെ വീട്ടിലായിരുന്നു അന്ത്യം. കുറച്ച് ദിവസങ്ങളായി ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു.
ഇതിൻ്റെ ഭാഗമായി ചികിത്സതേടിയിരുന്നു. ഇന്ന് ഉച്ചക്ക് ശ്വാസതടസ്സമുണ്ടാവുകയും മരണം സംഭവിക്കുകയുമായിരുന്നു.അഭിഭാഷക ജോലിയിൽ നിന്നാണ് വക്കം പുരുഷോത്തമൻ രാഷ്ട്രീയത്തിലേക്കെത്തിയത്. മൂന്നു തവണ സംസ്ഥാന മന്ത്രിയായിട്ടുണ്ട്. രണ്ട് തവണ ലോക്സഭാ അംഗം, രണ്ട് തവണ ഗവർണർ, അഞ്ച് തവണ നിയമസഭാ അംഗവുമായി. ഏറ്റവും അധികം കാലം നിയമ സഭാ സ്പീക്കർ ആയിരുന്ന നേതാവാണ്.