അടിമാലി ഇരുന്നൂറേക്കര്‍ മേഖലയിലെ ജനവാസ കേന്ദ്രത്തില്‍ പുലിയുടെ സാന്നിധ്യം
അടിമാലി ഇരുന്നൂറേക്കര്‍ മേഖലയിലെ ജനവാസ കേന്ദ്രത്തില്‍ പുലിയുടെ സാന്നിധ്യം.പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന ജനത യു പി സ്‌കൂളിന്റെ കോമ്പൗണ്ടിനുള്ളില്‍ പുലിയുടേതെന്ന് സംശയിക്കുന്ന കാല്‍പ്പാട് കണ്ടെത്തി.വനം വകുപ്പ് സ്‌കൂള്‍ പരിസരത്ത് നിരീക്ഷണ ക്യാമറ സ്ഥാപിച്ചു.കഴിഞ്ഞ ദിവസം രാത്രിയില്‍ വാഹനയാത്രികനായ ഒരാള്‍ പുലിയെ പ്രദേശത്ത് റോഡില്‍ കണ്ടതായും പറയപ്പെടുന്നു.
അടിമാലി ടൗണില്‍ നിന്നും ഏതാനും കിലോമീറ്റര്‍ മാത്രം ദൂരെയുള്ള പ്രദേശമാണ് ഇരുന്നൂറേക്കര്‍ മേഖല.ഇവിടെയാണ് പുലിയുടെ സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടതായി പ്രദേശവാസികള്‍ പറയുന്നത്.കഴിഞ്ഞ ദിവസം രാത്രിയില്‍ അടിമാലി ഭാഗത്തു നിന്നും വരികയായിരുന്ന വാഹനയാത്രികന്‍ 200 ഏക്കര്‍ ഭാഗത്ത് വച്ച് ദേശിയപാതയില്‍ പുലിയെ കണ്ടതായി പറയപ്പെടുന്നു.ഇതുമായി ബന്ധപ്പെട്ട് ആശങ്ക നിലനില്‍ക്കുന്നതിനിടയിലാണ് പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന ജനത യു പി സ്‌കൂളിന്റെ കോമ്പൗണ്ടിനുള്ളില്‍ പുലിയുടേതെന്ന് സംശയിക്കുന്ന കാല്‍പ്പാട് കണ്ടെത്തിയത്.വിവരം സ്‌കൂള്‍ അധികൃതര്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചു.
വനംവകുപ്പുദ്യോഗസ്ഥര്‍ സ്ഥലത്തെത്തുകയും പരിശോധന നടത്തുകയും ചെയ്തു.കോമ്പൗണ്ടിനുള്ളില്‍ പതിഞ്ഞ കാല്‍പ്പാടിന്റെ പഗ്ഗ് മാര്‍ക്ക് ശേഖരിച്ചു.കാല്‍പ്പാടിന് നാല് സെന്റീമീറ്ററോളം വ്യാസമുള്ളതായി മനുഷ്യ വന്യജീവി സംഘര്‍ഷ ലഘൂകരണ കോഡിനേഷനംഗം കെ ബുള്‍ബേന്ദ്രന്‍ പറഞ്ഞു.
നിരീക്ഷണം നടത്തുന്നതിനായി വനംവകുപ്പ് സ്‌കൂള്‍ കോമ്പൗണ്ടിനുള്ളില്‍ നിരീക്ഷണ ക്യാമറ സ്ഥാപിച്ചു.കുരുന്നുകള്‍ പഠനം നടത്തുന്ന സ്‌കൂള്‍ പരിസരത്ത് പുലിയുടെ സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളത് ആശങ്ക വര്‍ധിപ്പിക്കുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു.അടിമാലി ടൗണുമായി ചേര്‍ന്ന് കിടക്കുന്ന ജനസാന്ദ്രതയേറിയ പ്രദേശം കൂടിയാണ് 200ഏക്കര്‍ മേഖല.വനംവകുപ്പുദ്യോഗസ്ഥര്‍ പ്രദേശത്ത് നീരീക്ഷണം തുടരുന്നുണ്ട്.