മണിപ്പൂര്‍ സംഘര്‍ഷം: പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തിന് സ്പീക്കറുടെ അനുമതി
മണിപ്പൂര്‍ വിഷയത്തില്‍ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തിന് അനുമതി നല്‍കി ലോക്‌സഭാ സ്പീക്കര്‍. തിയതിയും സമയവും സ്പീക്കര്‍ തീരുമാനിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. മുതിര്‍ന്ന മന്ത്രിമാരുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു നോട്ടീസിന് അനുമതി നല്‍കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ അപ്രതീക്ഷിത നീക്കം. പ്രധാനമന്ത്രി പാര്‍ലമെന്റില്‍ മറുപടി പറയണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിക്കാത്ത പശ്ചാത്തലത്തിലായിരുന്നു അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കാന്‍ പ്രതിപക്ഷം തീരുമാനിച്ചിരുന്നത്. കോണ്‍ഗ്രസും ബിആര്‍എസും പ്രത്യേക അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയിരുന്നു. 2018 ജൂലൈ 20നാണ് മുന്‍പ് നരേന്ദ്രമോദി സര്‍ക്കാര്‍ മുന്‍പ് അവിശ്വാസ പ്രമേയം നേരിട്ടിരുന്നത്. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പായി പ്രതിപക്ഷ ഐക്യനിരയുടെ ശക്തിപ്രകടനം കൂടിയായി മണിപ്പൂര്‍ വിഷയത്തിലെ അവിശ്വാസ പ്രമേയ ആവശ്യം ലോക്‌സഭയില്‍ മാറിയിരുന്നു. നോട്ടീസ് നല്‍കിയത് കോണ്‍ഗ്രസ് ആണെന്നതിനാല്‍ ഈ പ്രതിപക്ഷ ഐക്യനിരയുടെ നേതൃസ്ഥാനത്തേക്ക് കോണ്‍ഗ്രസാണ് ഉയര്‍ന്ന് വരുന്നതെന്ന സൂചനയും ഇന്ന് സഭയില്‍ നിന്ന് ലഭിക്കുന്നുണ്ട്. ചട്ടം 198 അനുസരിച്ച് സര്‍ക്കാരിന് വേണമെങ്കില്‍ ലോക്‌സഭയില്‍ അവിശ്വാസ പ്രമേയത്തിന്റെ പ്രസക്തി ചോദ്യം ചെയ്യാവുന്നതായിരുന്നു. സര്‍ക്കാര്‍ അതിന് തയാറായില്ലെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. 50 അംഗങ്ങളുടെ പിന്തുണ അവിശ്വാസ പ്രമേയത്തിനുണ്ടെന്ന് സ്പീക്കര്‍ മനസിലാക്കിയതിന്റെ കൂടി അടിസ്ഥാനത്തിലാണ് നോട്ടീസിന് അനുമതി നല്‍കിയത്.