ഏകദിന ലോകകപ്പ്: ഇന്ത്യ-പാക് മത്സരത്തിന്റെ തീയതി മാറ്റിയേക്കും
2023 ക്രിക്കറ്റ് ഏകദിന ലോകകപ്പിൽ ചിരവൈരികളുടെ പോരട്ടം കാണാൻ അക്ഷമരായി കാത്തിരിക്കുകയാണ് ആരാധകർ. ഒക്ടോബർ 15-ന് ഗുജറാത്തിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഇന്ത്യ-പാക് ഐതിഹാസിക പോരാട്ടം നിശ്ചയിച്ചിട്ടുള്ളത്. മാസങ്ങൾക്കുമുമ്പ് തന്നെ ഫ്ലൈറ്റ് ടിക്കറ്റും ഹോട്ടൽ മുറികളും ബുക്ക് ചെയ്ത് മത്സരം കാണാനൊരുങ്ങിയ ആരാധകരെ നിരാശരാക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. മത്സരത്തിന്റെ തീയതി മാറ്റിയേക്കുമെന്നാണ് പുറത്തുവരുന്ന സൂചനകൾ.നവരാത്രി പ്രമാണിച്ച് ഇന്ത്യ-പാക് മത്സരത്തിന്റെ ഷെഡ്യൂൾ മാറ്റണമെന്ന് സുരക്ഷാ ഏജൻസികൾ ബിസിസിഐയോട് ആവശ്യപ്പെട്ടതായി ‘ഇന്ത്യൻ എക്സ്പ്രസ്’ റിപ്പോർട്ട് ചെയ്യുന്നു. നവരാത്രി ഗുജറാത്തിൽ ഉടനീളം ഗർബ രാത്രികളോടെ വിപുലമായി ആഘോഷിക്കാറുണ്ട്. സുരക്ഷാ കാരണങ്ങൾ മുൻനിർത്തി മത്സരത്തിൻ്റെ തീയതി മാറ്റണമെന്നാണ് സുരക്ഷാ ഏജൻസികൾ ബിസിസിഐയോട് ആവശ്യപ്പെട്ടിരിക്കുന്നത്. തീയതി മാറ്റത്തിൽ ഉടൻ തീരുമാനം ഉണ്ടായേക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, നാളെ ന്യൂഡൽഹിയിൽ നടക്കുന്ന യോഗത്തിൽ പങ്കെടുക്കാൻ ലോകകപ്പ് മത്സരങ്ങൾ നടക്കുന്ന സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകൾക്ക് ബിസിസിഐ സെക്രട്ടറി ജയ് ഷാ കത്ത് നൽകിയിരുന്നു. ഈ യോഗത്തിൽ അഹമ്മദാബാദിൽ നടക്കുന്ന ഇന്ത്യ-പാക് മത്സരത്തിന്റെ സുരക്ഷാ പ്രശ്‌നങ്ങൾ ബോർഡ് അംഗങ്ങളെ അറിയിച്ചേക്കുമെന്നും മത്സരത്തിന്റെ തീയതി നിശ്ചയിച്ചേക്കുമെന്നും അറിയുന്നു. തീയതി മാറ്റം ആരാധകരെ സംബന്ധിച്ച് വലിയ തിരിച്ചടിയാകും. പലരും ഇതിനോടകം ഫ്ലൈറ്റ് ടിക്കറ്റുകളും, ഹോട്ടൽ ബുക്കിങ്ങും നടത്തി കഴിഞ്ഞു.
ഒരു ലക്ഷത്തോളം പേരെ ഉൾകൊള്ളാൻ സാധിക്കുന്ന നരേന്ദ്ര മോദി സ്റ്റേഡിയം, ന്യൂസിലൻഡും ഇംഗ്ലണ്ടും തമ്മിലുള്ള ടൂർണമെന്റ് ഓപ്പണർ, ഇന്ത്യ vs പാകിസ്താൻ, ഇംഗ്ലണ്ട് vs ഓസ്‌ട്രേലിയ, ഫൈനൽ പോരാട്ടം എന്നിവ ഉൾപ്പെടെ ലോകകപ്പിലെ നാല് മാർക്വീ മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കും.