കലാലയജ്യോതി ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു
വനിതാ കമ്മീഷനും കുമളി അമരാവതി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളും സംയുക്തമായി കൗമാരക്കാരായ വിദ്യാര്‍ഥികള്‍ക്ക് ‘കലാലയജ്യോതി-ഉണര്‍വ്’ ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. വനിതാ കമ്മീഷന്‍ അംഗം എലിസബത്ത് മാമ്മന്‍ മത്തായി പരിപാടി ഉദ്ഘാടനം ചെയ്തു. പുതിയ തലമുറ ലഹരിയില്‍ നിന്നും മോചിതരായി നല്ല പൗരന്മാരായി വളരണമെന്നും ലഹരിക്കെതിരെ വിദ്യാര്‍ഥികളെ ഉദ്ബോധിപ്പിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്ന നിരവധി പദ്ധതികള്‍ക്കൊപ്പം വനിത കമ്മീഷനും പങ്കുചേരുന്നതിന്റെ ഭാഗമായാണ് സ്‌കൂളുകളുമായി സഹകരിച്ച് ‘കലാലയജ്യോതി ഉണര്‍വ്’ എന്ന പേരില്‍ ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നതെന്നും അവര്‍ പറഞ്ഞു. പി ടി എ പ്രസിഡന്റ് രാജീവ് കെ.എസ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം രാരിച്ചന്‍ നീര്‍ണാകുന്നേല്‍ മുഖ്യപ്രഭാഷണം നടത്തി. കുമളി പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ മജോ എം. ലാല്‍ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഒന്നാം വര്‍ഷ എന്‍ എസ് എസ് യൂണിറ്റ് പ്രവര്‍ത്തന ഉദ്ഘാടനവും സമ്മാനവിതരണവും കുമളി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ രജനി ബിജു നിര്‍വഹിച്ചു. വിമുക്തി മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ ഡിജോ ദാസ് ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് നയിച്ചു. കുടുംബശ്രീ ഫാമിലി കൗണ്‍സലര്‍ വിനോദ് ടി കെ, അമരാവതി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ലതാ ദേവി ആര്‍, എം.പി.ടി.എ പ്രസിഡന്റ് മഞ്ജു സുരേന്ദ്രന്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.