മണിപ്പൂര്‍ വിഷയത്തില്‍ പ്രതിഷേധം ശക്തമാക്കാന്‍ പ്രതിപക്ഷം; പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ധമാകും
മണിപ്പൂര്‍ വിഷയം ഉയര്‍ത്തി ഇന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ പാര്‍ലമെന്റില്‍ പ്രതിഷേധിക്കും. വിഷയത്തില്‍ പ്രധാനമന്ത്രി പ്രതികരിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കും. വിഷയത്തില്‍ ചര്‍ച്ച നടത്താമെന്ന് വ്യക്തമാക്കിയ ബിജെപി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സഭയില്‍ സംസാരിക്കുമെന്നും വ്യക്തമാക്കി. അമിത് ഷാ സഭയില്‍ സംസാരിക്കുമെന്നത് പ്രതിപക്ഷം അംഗീകരിച്ചിട്ടില്ല. ഇന്നലെയും പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു. മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി മറുപടി പറയും വരെ വിമര്‍ശനങ്ങള്‍ തുടരും എന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറായിട്ടും പ്രതിപക്ഷം സഭ തുടര്‍ച്ചയായി തടസപ്പെടുത്തുന്നത് നിര്‍ഭാഗ്യകരമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ പറഞ്ഞിരുന്നു.
വര്‍ഷകാല സമ്മേളനത്തിന്റെ മൂന്നാം ദിവസവും പാര്‍ലമെന്റ് നടകീയ രംഗങ്ങള്‍ക്ക് ആണ് സാക്ഷ്യം വഹിച്ചത്. സഭാ നടപടികള്‍ ആരംഭിക്കുന്നതിന് മുന്‍പേ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ ഭരണ പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധം ആരംഭിച്ചിരുന്നു. പശ്ചിമ ബംഗാള്‍- രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്ന സ്ത്രീകള്‍ക്ക് എതിരായ അക്രമങ്ങള്‍ ആയിരുന്നു ഭരണ പക്ഷത്തിന്റെ വിഷയം. പ്രതിപക്ഷമാകട്ടെ മണിപ്പൂര്‍ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് ചോദ്യം ചെയ്താണ് പ്രതിഷേധിച്ചത്.