പ്രതിരോധം തീര്‍ക്കാന്‍വരുന്നൂ മിഷന്‍ ഇന്ദ്രധനുഷ് 5.0
*കാമ്പയ്ന്‍ ആഗസ്റ്റ് 7 ന് ആരംഭിക്കും
ആരോഗ്യമേഖലയിലെ പ്രധാന പ്രതിരോധ കുത്തിവെപ്പ് കാമ്പയ്നായ മിഷന്‍ ഇന്ദ്രധനുഷ് ആഗസ്റ്റ് 7 മുതല്‍ ആരംഭിക്കും. അഞ്ചു വയസ്സുവരെയുള്ള കുട്ടികളുടെയും ഗര്‍ഭിണികളുടെയും പ്രതിരോധ കുത്തിവെപ്പുകള്‍ പൂര്‍ത്തിയാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്ദ്രധനുഷ് 5.0 സംഘടിപ്പിക്കുന്നത്. മൂന്ന്് ഘട്ടങ്ങളിലായി ജില്ലയിലെ ആരോഗ്യ കേന്ദ്രങ്ങളില്‍ പ്രതിരോധ കുത്തിവെപ്പ് എടുക്കാന്‍ അവസരമുണ്ടാകും. ആദ്യഘട്ടം ആഗസ്റ്റ് 7 മുതല്‍ 12 വരെയാണ്. രണ്ടാംഘട്ടം സെപ്റ്റംബര്‍ 11 മുതല്‍ 16 വരെയും മൂന്നാം ഘട്ടം ഒക്ടോബര്‍ 9 മുതല്‍ 14 വരെയും നടക്കും.
ഡിഫ്തീരിയ, വില്ലന്‍ചുമ, ടെറ്റനസ്, പോളിയോ, ക്ഷയം, അഞ്ചാംപനി, ഹെപ്പറ്റൈറ്റിസ് ബി തുടങ്ങിയ രോഗങ്ങളില്‍ നിന്ന് മിഷന്‍ ഇന്ദ്രധനുഷ് സംരക്ഷണം നല്‍കും. കൂടാതെ, ഗര്‍ഭിണികള്‍ക്കും പ്രതിരോധ കുത്തിവെപ്പ് നല്‍കും. മുന്‍കാലങ്ങളില്‍ ഭാഗികമായി കുത്തിവെപ്പ് എടുത്തവര്‍ക്കും ഇതുവരെയും എടുക്കാന്‍ കഴിയാത്തവര്‍ക്കും ഈ മൂന്ന് ഘട്ടങ്ങളിലായി പ്രതിരോധ കുത്തിവെപ്പ് പൂര്‍ത്തിയാക്കാന്‍ കഴിയും.
കാമ്പയ്‌ന്റെ മുന്നോടിയായി ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ യോഗം ചേര്‍ന്നു. കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍ മനോജ്്, ഡെപ്യൂട്ടി ഡിഎംഒ ഡോ. പി.കെ സുഷമ, ആരോഗ്യ വിഭാഗം ജീവനക്കാര്‍, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. മിഷനു മുന്നോടിയായുള്ള ഒരുക്കങ്ങള്‍ ജില്ലയില്‍ ആരംഭിച്ചതായി ആരോഗ്യ വിഭാഗം ജീവനക്കാര്‍ അറിയിച്ചു. വിവരശേഖരണം, ബോധവത്കരണം, വീടുകളില്‍ നേരിട്ടെത്തിയുള്ള സര്‍വെ തുടങ്ങിയവയിലൂടെയാണ് കുട്ടികളുടെ ഇമ്യൂണൈസേഷന്‍ പ്രോഗ്രാം പൂര്‍ത്തിയാക്കുന്നത്. പ്രത്യേക പ്രതിരോധ വാക്‌സിന്‍ ഡ്രൈവായാണ് ഇന്റന്‍സിഫൈഡ് മിഷന്‍ ഇന്ദ്രധനുഷ് നടത്തുക. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട്് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം ഉടന്‍ സംഘടിപ്പിക്കും.
കോവിഡിന് ശേഷം ആദ്യമായാണ് ഇന്ദ്രധനുസ് നടത്തുന്നത്. കോവിഡ് വ്യാപനസമയത്ത് വാക്‌സിന്‍ എടുക്കുന്നതില്‍ ആളുകളുടെ എണ്ണത്തില്‍ കുറവുണ്ടായിരുന്നു. ഈ പോരായ്മ മറികടന്ന് കൃത്യമായ പ്രതിരോധം തീര്‍ക്കുകയാണ് ലക്ഷ്യം.