ജനനായകന് വിട; ഉമ്മൻ ചാണ്ടിയുടെ സംസ്‌കാരം വ്യാഴാഴ്ച രണ്ട് മണിക്ക് പുതുപ്പള്ളിയിൽ


കേരളത്തിന്റെ ജനനായകന് വിട. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഭൗതികദേഹം പുതുപ്പള്ളിയിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് സംസ്‌കരിക്കും. ഇന്ന് രാവിലെ 9 മണി മുതൽ 10.30 വരെ ബെംഗളുരുവിൽ പൊതുദർശനം നടക്കും. ബെംഗളൂരുവിൽ നിന്ന് പ്രത്യേക വിമാനത്തിൽ ഭൗതികശരീരം ഉച്ചയോടെ തിരുവനന്തപുരത്ത് എത്തിക്കും. അവിടെ നിന്ന് തിരുവനന്തപുരത്തെ വസതിയിലേക്കും കൊണ്ടുപോകും. തുടർന്ന് സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിൽ പൊതുദർശനം നടക്കും. വൈകുന്നേരത്തോടെ ഭൗതികദേഹം സെക്രട്ടേറിയറ്റിന് സമീപമുള്ള സെന്റ് ജോർജ് ഓർക്കഡോക്‌സ് കതീഡ്രലിൽ പൊതുദർശനത്തിന് വയ്ക്കും. പിന്നാലെ ഇന്ദിരാ ഭവനിലും പൊതുദർശനത്തിന് സൗകര്യമൊരുക്കും. രാത്രിയോടെ തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിലേക്ക് മാറ്റും.
നാളെ രാവിലെ ഏഴ് മണിക്ക് വിലാപ യാത്ര കോട്ടയത്തേക്ക്. കോട്ടയത്ത് തിരുനക്കര മൈതാനത്ത് പൊതുദർശനത്തിന് വച്ചതിന് ശേഷം രാത്രിയോടെ പുതുപ്പള്ളിയിലേക്ക് കൊണ്ടുപോകും. വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്കാണ് പുതുപ്പള്ളി പള്ളിയിൽ സംസ്‌കാരം നടക്കുക.
ഇന്ന് പുലർച്ചെ 4.25ന് ബംഗളൂരുവിൽ വച്ചായിരുന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അന്തരിച്ചത്. ക്യാൻസർ ബാധിതനായി ഏറെ നാൾ ചികിത്സയിലായിരുന്നു.