ഇനി പിൻ അടിക്കാൻ മെനക്കെടേണ്ട ; ഗൂഗിള്‍ പേ ഉപയോഗിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത


ദില്ലി: ഡിജിറ്റൽ ഇടപാടുകൾ ഇനി തടസമില്ലാതെ ചെയ്യാനുള്ള മാർഗവുമായി ജിപേ. ഇടപാടുകൾ കൂടുതൽ എളുപ്പമാക്കുന്നതിന്റെ ഭാഗമായി ഗൂഗിൾ പേ അതിന്റെ പ്ലാറ്റ്‌ഫോമിൽ പുതിയ യുപിഐ ലൈറ്റ് സേവനങ്ങൾ അവതരിപ്പിച്ചു. യുപിഐ ലൈറ്റ് ഉപയോഗിച്ച് പേയ്മെന്റ് വേഗം നടത്താനാകും. അതായത് ഒരു ചായകുടിക്കാനോ, ബാര്‍ബര്‍ ഷോപ്പിലോ പോകുന്നവര്‍ക്കോ ഇടപാട് നടത്താന്‍ വലിയ ഉപകാരമായിരിക്കും ഈ ഫീച്ചര്‍
ഗൂഗിൾ പേ ഇടപാടുകൾക്കായി ഉപയോഗിക്കുന്ന യുപിഐ പിൻ ഇടക്കിടെ നൽകേണ്ടി വരില്ല എന്നതാണ് പ്രധാനം. ഉപയോക്താക്കൾക്ക് ഒറ്റ ക്ലിക്കിലൂടെ അതിവേഗ ഡിജിറ്റൽ പേയ്‌മെന്റുകൾ നടത്താനാകും. പക്ഷേ ഉപയോക്താവിന്റെ പണം സുരക്ഷിതമാണെന്ന് ഉറപ്പാക്കുന്നതിൽ ചില പരിമിതികളുണ്ടെന്നത് കൂടാതെ യുപിഐ ലൈറ്റ് ഒരു സമയം പരമാവധി 200 രൂപ വരെയുള്ള ഇൻസ്റ്റന്റ് ട്രാൻസാക്ഷനുകളാണ് അനുവദിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
ഒരു ദിവസം പരമാവധി 2000 രൂപ വീതം രണ്ടു തവണ അയയ്ക്കാനേ കഴിയൂ എന്ന പ്രത്യേകതയുമുണ്ട്. ഗൂഗിൾ പറയുന്നതനുസരിച്ച്, ഉപയോക്താവിന്റെ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിട്ടുണ്ടെങ്കിലും ലൈറ്റ് അക്കൗണ്ട് ലൈവ് ബാങ്ക് ഇടപാടുകളെ ആശ്രയിക്കില്ല. അതുകൊണ്ട് യുപിഐ ലൈറ്റ് ഉപയോഗിച്ച് വേഗത്തിലുള്ള ഇടപാടുകൾ നടത്താനാകും. ഗൂഗിൾ പേയിൽ യുപിഐ ലൈറ്റ് ഫീച്ചർ ആക്ടീവ് ആക്കാനായി പ്രൊഫൈൽ പേജിൽ പോയി ആക്ടിവേറ്റ് യുപിഐ ലൈറ്റിൽ ക്ലിക്ക് ചെയ്യണം അക്കൗണ്ട് ലിങ്കിംഗ് പ്രക്രിയ തുടരുക. പ്രക്രിയ പൂർത്തിയാകുമ്പോൾ, ഉപയോക്താക്കൾക്ക് 2000 രൂപ വരെ ഫണ്ട് ചേർക്കാനാകും.
ഒരു ഉപയോക്താവ് 200 രൂപയ്ക്ക് താഴെയുള്ള ഇടപാട് പൂർത്തിയാക്കിയാൽ അത് ഓട്ടോമാറ്റിക്കായി യുപിഐ ലൈറ്റ് അക്കൗണ്ടിലേക്ക് റീഡയറക്‌ടുചെയ്യുപ്പെടും. കൂടാതെ ഇടപാടുകൾ പൂര്‍ത്തിയാക്കാനായി ഉപയോക്താക്കൾ “പേ പിൻ-ഫ്രീ” ഓപ്ഷനും തിരഞ്ഞെടുക്കണം. ഇതോടെ യുപിഐ ലൈറ്റ് ഫീച്ചർ ഗൂഗിൾ പേയിൽ ആക്ടീവാകും.