ബോണസ് തര്‍ക്കങ്ങള്‍ അടിയന്തരമായി പരിഹരിക്കാന്‍ തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി വിളിച്ചു ചേര്‍ത്ത തൊഴിലാളി സംഘടന പ്രതിനിധികളുടെ യോഗത്തില്‍ തീരുമാനമായി.
തിരുവനന്തപുരം: ബോണസ് തര്‍ക്കങ്ങള്‍ അടിയന്തരമായി പരിഹരിക്കാന്‍ തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി വിളിച്ചു ചേര്‍ത്ത തൊഴിലാളി സംഘടന പ്രതിനിധികളുടെ യോഗത്തില്‍ തീരുമാനമായി. തര്‍ക്കമുള്ള ഇടങ്ങളില്‍ ബന്ധപ്പെട്ട ജില്ലാ ലേബര്‍ ഓഫീസര്‍മാര്‍ അടിയന്തരമായി ചര്‍ച്ച നടത്തി പ്രശ്‌ന പരിഹാരം ഉണ്ടാക്കണം. തോട്ടം തൊഴിലാളികളുടെ വേതനം പുതുക്കി നിശ്ചയിക്കാന്‍ ചര്‍ച്ചകള്‍ നടത്തി, എല്ലാവര്‍ക്കും സ്വീകാര്യമായ ഒരു തീര്‍പ്പുണ്ടാക്കാന്‍ കഴിഞ്ഞു.
വേതന കുടിശ്ശിക സംബന്ധിച്ചും തീരുമാനം ഉണ്ടാക്കാന്‍ കഴിഞ്ഞു. തോട്ടം മേഖലയിലെ പൊതുവായ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുന്നതിന് ലേബര്‍ കമ്മീഷണര്‍ ചെയര്‍മാനായ ഒരു സബ് കമ്മിറ്റി രൂപീകരിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. ഇടുക്കി ജില്ലയിലെ തോട്ടങ്ങളിലെ വാസയോഗ്യമല്ലാത്ത ലയങ്ങളുടെ പുനരുദ്ധാരണം സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് വേണ്ടി ഈ മാസം 20-ാം തീയതി ഇടുക്കി കളക്ടറേറ്റില്‍ വെച്ച് യോഗം വിളിച്ചിട്ടുണ്ട്.
സംഘടിത വ്യവസായങ്ങളില്‍ ഈ കാലയളവില്‍ ഗുരുതരമായ തര്‍ക്കങ്ങളൊന്നും ഉണ്ടായിട്ടില്ല. ക്ഷേമനിധി ബോര്‍ഡുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ സര്‍ക്കാര്‍ ഇടപെടുന്നുണ്ട്. ഈ മാസം 14 ന് ബോര്‍ഡ് ചെയര്‍മാന്മാരുടെയും ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍മാരുടെയും സംയുക്ത യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. മിനിമം വേതനം പുതുക്കി നിശ്ചയിക്കാനുള്ള നടപടികള്‍ ത്വരിത ഗതിയില്‍ നടന്നു വരികയാണെന്നും മന്ത്രി അറിയിച്ചു.
യോഗത്തില്‍ ലേബര്‍ സെക്രട്ടറി അജിത് കുമാര്‍ ഐഎഎസ്, ലേബര്‍ കമ്മീഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, സിഐടിയുവിനെ പ്രതിനിധീകരിച്ച് എളമരം കരീം എംപി, ഐഎന്‍ടിയുസി പ്രതിനിധി ആര്‍ ചന്ദ്രശേഖരന്‍, എഐടിയുസി പ്രതിനിധി ജെ ഉദയഭാനു,എച്ച്‌എംഎസ് പ്രതിനിധി ടോമി മാത്യു,എസ് ടി യു പ്രതിനിധി യു പോക്കര്‍, യു ടി യു സി പ്രതിനിധി ബാബു ദിവാകരന്‍ തുടങ്ങി സംസ്ഥാനത്തെ എല്ലാ തൊഴിലാളി സംഘടന പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.