കനത്ത മഴയ്ക്ക് കാരണമെന്ത്? കാലാവസ്ഥാ വകുപ്പ് പറയുന്നത്
ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ കനത്ത മഴയ്‌ക്കു കാരണമായത് പടിഞ്ഞാറന്‍ ന്യൂനമര്‍ദത്തിന്റെയും മണ്‍സൂണ്‍ കാറ്റിന്റെയും കൂടിച്ചേരലാണെന്നു കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്. ഇതേത്തുടര്‍ന്നുള്ള പേമാരി ഇന്നുകൂടി തുടരും. എന്നാല്‍, മഴയുടെ തീവ്രത ആശങ്ക ഉയര്‍ത്തുന്നതാണെന്നു കാലാവസ്‌ഥാ വിദഗ്‌ധര്‍ പറയുന്നു. മുന്‍ കാലങ്ങളില്‍നിന്നു വ്യത്യസ്‌തമായി കുറഞ്ഞ സമയംകൊണ്ട് കൂടുതല്‍ മഴ പെയ്‌തിറങ്ങുകയാണ്. ഇതു മണ്ണിടിച്ചിലിനും കൂടുതല്‍ അപകടങ്ങള്‍ക്കും കാരണമാകുന്നു. ആഗോള താപനത്തെ തുടര്‍ന്നു അന്തരീക്ഷത്തില്‍ ജലാംശം കൂടുന്നതാണു പ്രശ്‌നമാകുന്നത്.
വടക്കുപടിഞ്ഞാറന്‍ മേഖലയില്‍ മാസാരംഭത്തിലെ ഏതാനും ദിവസം പെയ്‌ത മഴ രാജ്യത്തുടനീളമുണ്ടായ കുറവു നികത്താനുതകുന്നതായിരുന്നെന്നും കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു. മണ്‍സൂണ്‍ സീസണിലെ സഞ്ചിത മഴ ഇക്കൊല്ലം 243.2 മില്ലീമീറ്ററിലെത്തി. ഇത് ശരാശരിയിലും രണ്ടു ശതമാനം കൂടുതലാണ്. ജൂണ്‍ അവസാനംവരെ രാജ്യത്തുടനീളം 148.6 മില്ലിമീറ്റര്‍ മഴയാണു ലഭിച്ചത്. ഇത് സാധാരണയുള്ളതിനേക്കാള്‍ 10 ശതമാനം കുറവായിരുന്നു. എന്നാല്‍ ഈ മാസത്തിന്റെ തുടക്കത്തില്‍ മഴയുടെ അളവ് വര്‍ധിച്ചു. രാജ്യത്തെ ജലസംഭരണികളില്‍ ജലനിരപ്പ് മെച്ചപ്പെടുന്നതായി കേന്ദ്ര ജല കമ്മീഷനും പറയുന്നു.
കനത്ത മഴയില്‍ ഉത്തരേന്ത്യയിലെ പല പ്രദേശങ്ങളിലും ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവുമുണ്ടായി. നഗരങ്ങളിലെ നിരവധി റോഡുകളും കെട്ടിടങ്ങളും വെള്ളത്തിനടിയിലാണ്. ഡല്‍ഹിയിലെ യമുന ഉള്‍പ്പെടെ നിരവധി നദികള്‍ കരകവിഞ്ഞൊഴുകുന്നു. ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന, ജമ്മു കശ്‌മീര്‍, രാജസ്‌ഥാന്‍, ഡല്‍ഹി എന്നിവിടങ്ങളില്‍ അടുത്ത രണ്ടു ദിവസം മഴ ശക്‌തമാകുമെന്നാണ് കാലാവസ്‌ഥാ വകുപ്പിന്റെ പ്രവചനം.