തെരുവ് നായ ശല്യം; കോഴിക്കോട് ആറു സ്കൂളുകൾക്ക് അവധി


കോഴിക്കോട് തെരുവ് നായ കടിക്കാതിരിക്കാൻ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. കോഴിക്കോട് കൂത്താളി പഞ്ചായത്തിലെ ആറു സ്കൂളുകൾക്കാണ് അവധി പ്രഖ്യാപിച്ചത്. അക്രമകാരിയായ തെരുവുനായ്ക്കളെ പിടികൂടാൻ സാധിക്കാത്ത സാഹചര്യത്തിലാണ് അവധി. അംഗനവാടികൾക്കും അവധിയാണ്. പഞ്ചായത്താണ് അവധി നൽകിയത്. തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായ പണികളും നിർത്തിവച്ചു. ഇന്നലെ വൈകിട്ട് കൂത്താളിയിൽ നാല് പേർക്ക് നായയുടെ കടിയേറ്റിരുന്നു. ഈ സാഹചര്യത്തിലാണ് അവധി പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് നിലവിൽ തെരുവുനായയുടെ ആക്രമണം കാരണം കുട്ടികൾക്ക് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ്. കഴിഞ്ഞ കുറെ നാളുകളായി ഇ മേഖലയിൽ തെരുവ് നായ ശല്യം രൂക്ഷമാണെന്നാണ് നാട്ടുകാർ പറയുന്നത്.
അതേസമയം ഇന്നലെ തിരുവനന്തപുരത്ത് തെരുനായയുടെ ആക്രമണത്തിൽ നാലു വയസ്സുകാരിക്ക് പരിക്കേറ്റിരുന്നു. അഞ്ചുതെങ്ങ് മാമ്പള്ളിയിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലു വയസുകാരിയെയാണ് തെരുവുനായ കടിച്ചുകീറിയത്. മുഖത്തും കഴുത്തിലും ഉൾപ്പടെ ഗുരുതരമായി പരിക്കേറ്റ റോസ്‍ലിയ എന്ന കുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.