മഴ കുറഞ്ഞു, ഇടുക്കി അണക്കെട്ടിൽ ഇന്നലെ ഉയർന്നത് ഒരടി ജലം; വൈദ്യുതി ഉത്പാദനം കുറച്ച് കെ എസ് ഇ ബി


ഇടുക്കി: മഴ കുറഞ്ഞതോടെ ഇടുക്കിയിലെ ജലനിരപ്പുയരുന്നതും സാവധാനത്തിലായി. ഇന്നലെ ഒരടി വെള്ളം മാത്രമാണ് അണക്കെട്ടില്‍ കൂടിയത്. വെള്ളമില്ലാത്തതിനാല്‍ ജലവൈദ്യുത പദ്ധതികളിലെ ഉല്‍പ്പാദനം കെഎസ്‌ഇബി പരമാവധി കുറച്ചിരിക്കുകയാണിപ്പോള്‍. 2320 അടിയാണ് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്. അതായത് സംഭരണ ശേഷിയുടെ 22.74 ശതമാനം വെള്ളം മാത്രമാണ് അണക്കെട്ടിലുള്ളത്.
കഴിഞ്ഞ വര്‍ഷം ഇതേസമയത്ത് സംഭരണശേഷിയുടെ 48 ശതമാനമായ 2353.66 അടി വെള്ളം ഇടുക്കിയിലുണ്ടായിരുന്നു. മഴ കനത്തതിനെ തുടര്‍ന്ന് രണ്ടാം തീയതി മുതല്‍ ജലനിരപ്പ് ഉയര്‍ന്നു തുടങ്ങിയിരുന്നു. ഇതു വരെ 13 അടി വെള്ളമാണ് കൂടിയത്.കഴിഞ്ഞ ദിവസങ്ങളില്‍ മൂന്നടി വീതമുയര്‍ന്നിരുന്നത് ഇന്ന് രാവിലെ ആയപ്പോള്‍ ഒരടിയായി കുറഞ്ഞു. മഴ കുറഞ്ഞതോടെ ഡൈവേര്‍ഷൻ പദ്ധതികളില്‍ നിന്നുള്‍പ്പെടെയെത്തുന്ന വെള്ളത്തിൻറെ അളവ് കുറഞ്ഞതാണ് കാരണം.
വെള്ളം കുറഞ്ഞതോടെ ദിവസേന രണ്ടു ദശലക്ഷം യൂണിറ്റില്‍ താഴെ വൈദ്യുതി മാത്രമാണിപ്പോള്‍ ഇടുക്കിയില്‍ ഉല്‍പ്പാദിപ്പിക്കുന്നത്. ആറു ജനറേറ്ററുകള്‍ ഉപയോഗിച്ച് 18 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാം. മെയ് മാസത്തില്‍ 14 ദശലക്ഷം യൂണിറ്റ് വരെയായിരുന്നു ഉല്‍പ്പാദനം. ഉപഭോഗം വല്ലാതെ വര്‍ദ്ധിക്കുന്ന സമയത്ത് ഒരു ജലറേറ്റര്‍ മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിപ്പിക്കുന്നത്. ഇടമലയാര്‍, ശബരിഗിരി എന്നീ പദ്ധതികളിലും ഉല്‍പ്പാദനം ഒരു ദശലക്ഷം യൂണിറ്റില്‍ താഴെയാക്കി.
എല്ലായിടത്തും മൂന്നു ദശലക്ഷത്തില്‍ കൂടുതല്‍ ഉല്‍പ്പാദിപ്പിക്കേണ്ടെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതേ സമയം ചെറുകിട പദ്ധതികളില്‍ ഉല്‍പ്പാദനം കൂട്ടി. ഇവിടങ്ങളിലെ അണക്കെട്ടുകളില്‍ കൂടുതല്‍ വെള്ളം സംഭരിക്കാനാകാത്തതിനാലാണിത്. വൻകിട പദ്ധതികളില്‍ ഉല്‍പ്പാദനം കുറച്ച് പരമാവധി വെള്ളം സംഭരിക്കാനാണ് കെഎസ്‌ഇബിയുടെ തീരുമാനം. പക്ഷേ മഴ കുറഞ്ഞത് വലിയ വെല്ലുവിളി ആയിരിക്കുകയാണ്.