ഇടുക്കിയുടെ ചരിത്രത്തിലെ മായ്ക്കാനാകാത്ത താളുകളിൽ എഴുതി ചേർക്കപ്പെട്ടവരാണ് ആദിവാസി സമൂഹമായ മന്നാൻമാർ.തലതൊട്ടപ്പൻമാർ മുതൽ ആചരിച്ചു പോരുന്ന ഇവരുടെ കാലാവൂട്ട് മഹോത്സവവും ശ്രദ്ധേയമാണ്


ഇടുക്കിയുടെ ചരിത്രത്തിലെ മായ്ക്കാനാകാത്ത താളുകളിൽ എഴുതി ചേർക്കപ്പെട്ടവരാണ് ആദിവാസി സമൂഹമായ മന്നാൻമാർ.തലതൊട്ടപ്പൻമാർ മുതൽ ആചരിച്ചു പോരുന്ന ഇവരുടെ കാലാവൂട്ട് മഹോത്സവവും ശ്രദ്ധേയമാണ്.കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു വിളവെടുപ്പ് ഉത്സവമായ കാലാവൂട്ട് മഹോത്സവും പാരമ്പര്യ കൂത്തും കോവിൽമലയിൽ അരങ്ങേറിയത്.കോവില്‍മല മുത്തിയമ്മ ദേവീക്ഷേത്രത്തിലെ നിര്‍മാല്യ ദര്‍ശനത്തോടെയാണ് കാലാവൂട്ടിന് തുടക്കം കുറിച്ചത്.
ഇടുക്കിയില്‍ നിന്നും സമീപ ജില്ലകളിലെ മന്നാൻ സമുദായത്തിലെ 46 ഊരുകളില്‍ നിന്നും ആളുകള്‍ ചടങ്ങിനെത്തി. വിളവെടുപ്പ് ഉത്സവമായും മരിച്ചവരുടെ ആത്മശാന്തിക്ക് വേണ്ടിയുമാണ് കാലാവൂട്ടും കൂത്തും നടത്തുന്നത്. മല ദൈവങ്ങളെ സാക്ഷി നിര്‍ത്തിയുള്ള കോവിലാന്‍ പാട്ട് കൂത്തില്‍ അവതരിപ്പിച്ചു.പുരുഷന്മാര്‍ സ്‌ത്രീ വേഷം കെട്ടിയാണ് കൂത്ത് ആടിയത്.ഇന്ത്യയില്‍ നിലവിലുള്ള ആദിവാസി രാജവംശങ്ങളില്‍ ഒന്നാണ് മന്നാന്‍ ആദിവാസി സമുദായം.ഇടുക്കിയിലെ മന്നാന്‍ ആദിവാസി സമുദായത്തിന്‍റെ രാജ തലസ്ഥാനമാണ് കോവില്‍ മല. കോഴിമലയെന്നും അറിയപ്പെടുന്നുണ്ട്. തനത് ആചാരങ്ങളും വ്യത്യസ്‌ത അനുഷ്‌ഠാനങ്ങളും നിരവധി പാരമ്പര്യ കലകളുമുള്ളവരാണ് മന്നാന്‍ സമുദായം.കാലാവൂട്ട് ദിനം കേരളത്തിലെ മുഴുവന്‍ മന്നാന്‍ ആദിവാസി ഊരുകളില്‍ നിന്നുള്ളവര്‍ രാജാവായ രാമന്‍ രാജമന്നാന്‍റെ ആസ്ഥാനമായ കോവില്‍ മലയില്‍ എത്തും.സൂര്യന്‍ അസ്‌തമിക്കാറാകുമ്പോൾ തുടങ്ങുന്ന കൂത്ത് പുലര്‍ച്ച വരെ നീണ്ട് നില്‍ക്കും.
ഏഴ്ദിനരാത്രങ്ങള്‍ നീണ്ട് നില്‍ക്കുന്ന ആഘോഷങ്ങളുടെ അവസാന ദിനമാണ് കാലാവൂട്ട് മഹോത്സവം നടക്കുക.ആഘോഷ ദിവസങ്ങളില്‍ മൂന്ന് വര്‍ഷത്തില്‍ മരണപ്പെട്ടവരുടെ ഓര്‍മയ്‌ക്കായി അവരുടെ കുടികളില്‍ പായ വിരിച്ച് അതില്‍ വെള്ള തുണി വിരിച്ചിടും. അതിന് തൊട്ടുത്തായി വെള്ളം നിറച്ച ചെറിയ മണ്‍കലം വയ്‌ക്കും. ഈ ഏഴ് ദിവസവും വൈകിട്ട് മരിച്ചവരുടെ ഓര്‍മയ്‌ക്കായി മണ്‍കലം അവരുടെ കല്ലറയില്‍ വച്ച് പതുക്കെ മറിച്ചിട്ട് വെള്ളം ഒഴുക്കി വിടും.
നിരവധി ആചാരങ്ങളും അനുഷ്‌ഠാനങ്ങളും ഇതോടൊപ്പം അരങ്ങേറും. അവരുടെ പാരമ്പര്യകലകളും അവതരിപ്പിക്കും. പെണ്‍വേഷം കെട്ടിയ പുരുഷന്മാര്‍ അടക്കം അവരുടെതായ പാട്ടുകള്‍ പാടി വട്ടത്തില്‍ കറങ്ങി നൃത്തം വയ്‌ക്കും. നൃത്തം ചെയ്യുന്നവരുടെ മുഖമെല്ലാം പ്രത്യേക രീതിയില്‍ ചായം പൂശും. നര്‍ത്തകരുടെ താളത്തിനൊത്ത് കാണികളും നൃത്തം വയ്‌ക്കും.കോവിൽ മലയിൽ കൂത്ത് കാണാനും ഇവരുടെ ജീവിതം പഠനവിഷയമാക്കാനും നിരവധിയാളുകൾ ഇവിടെ ചെത്താറുണ്ട്.പരമ്പരാഗത മന്നാൻ സമുദായത്തിൻ്റെ സംസ്കാരം നിലനിർത്താനാണ് വർഷം തോറും കാലാവൂട്ട് മഹോത്സവം സംഘടിപ്പിക്കുന്നത്. ആദിവാസി രാജാവിൻ്റെയും അഥിതികളെയും സ്റ്റേജിലിരുത്തിയാണ് കൂത്ത് കൾ അവതരിപ്പിക്കുക.