പന്നിയങ്കര ടോൾ പിരിവ് താത്കാലികമായി നിർത്തി


പാലക്കാട് പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികളിൽ നിന്ന് ടോൾ പിരിക്കാനുള്ള കരാർ കമ്പനിയുടെ നീക്കത്തിൽ വ്യാപക പ്രതിഷേധം. വിവിധ രാഷ്ട്രീയ പാർട്ടികളുടെയും ജനകീയ സമര സമിതിയുടെയും നേതൃത്വത്തിൽ ടോൾ പ്ലാസയിലേക്ക് മാർച്ച് നടത്തി. ടോൾ പിരിവ് തടഞ്ഞത് നേരിയ സംഘർഷത്തിലും കലാശിച്ചു. ജനപ്രതിനിധികളും സമരസമിതിയും കരാർ കമ്പനിയുമായി നടത്തിയ ചർച്ചയിൽ ഓഗസ്റ്റ് 15 വരെ തൽസ്ഥിതി തുടരാൻ തീരുമാനമായി. ഇന്നുമുതൽ പ്രദേശത്തെ അഞ്ചുപഞ്ചായത്തുകളിൽ നിന്നുള്ളവർക്ക് നൽകി വരുന്ന ഇളവ് അനുവദിക്കാനാകില്ലെന്ന് കമ്പനി നേരത്തെ നിലപാടെടുത്തിരുന്നു. രാവിലെ വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ ടോൾ പ്ലാസയിലേക്ക് മാർച്ച് നടത്തി. പ്രതിഷേധക്കാരെ പോലീസ് തടഞ്ഞുവെങ്കിലും കമ്പനി ഏതാനും വാഹനങ്ങളിൽ നിന്ന് ടോൾ പിരിച്ചത് സംഘർഷത്തിനിടയാക്കി.ഇതിനിടെ ടോൾ ഗേറ്റിന് മുകളിൽ പ്രതിഷേധക്കാർ കയറി സ്‌കാനർ മറിച്ചിടാൻ ശ്രമിച്ചത് കമ്പനി ജീവനക്കാരുമായി വാക്കുതർക്കത്തിന് ഇടവച്ചു.
ഒടുവിൽ രമ്യ ഹരിദാസ് എംപി, പി പി സുമോദ് എംഎൽഎ, ഉൾപ്പെടെയുള്ളവർ കമ്പനി അധികൃതരുമായി നടത്തിയ ചർച്ചയെ തുടർന്ന് ടോൾ പിരിക്കുന്നത് കമ്പനി തല്ക്കാലികമായി നിർത്തി വച്ചു. ഓഗസ്റ്റ് 15 വരെ തലസ്ഥിതി തുടരാനാണ് തീരുമാനം.
ഓഗസ്റ്റ് 15 ന് മുൻപ് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ കൂടിയാലോചന നടത്തി ടോൾ പിരിവ് സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളാനാണ് ധാരണയായത്.