എന്‍സിപിയില്‍ തര്‍ക്കം മുറുകുന്നു; ജനറല്‍ ബോഡി യോഗത്തില്‍ നിന്ന് തോമസ് കെ.തോമസ് ഇറങ്ങിപ്പോയി
എന്‍സിപിയുടെ കൊച്ചിയില്‍ നടന്ന ജനറല്‍ബോഡി യോഗത്തില്‍ നിന്ന് എംഎല്‍എ തോമസ് കെ തോമസ് ഇറങ്ങിപ്പോയി. പിസി ചാക്കോ എന്‍സിപിക്ക് തലവേദനായണെന്ന് തോമസ് കെ തോമസ് പറഞ്ഞു. പാര്‍ട്ടിയില്‍ വിഭാഗീയത പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്നായിരുന്നു പിസി ചാക്കോയുടെ മറുപടി. എറണാകുളത്ത് നടന്ന എന്‍സിപി ജനറല്‍ ബോഡിയോഗത്തില്‍ ആലപ്പുഴയിലെ ജില്ലാ പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയായിരുന്നു തര്‍ക്കം. അജണ്ടയില്‍ ഇല്ലാത്ത വിഷയം ചര്‍ച്ച ചെയ്യാനാവില്ലെന്ന് പാര്‍ട്ടി അധ്യക്ഷന്‍ നിലപാട് സ്വീകരിച്ചു. ഇതോടെയാണ് തോമസ് കെ തോമസ് എംഎല്‍എ ഇറങ്ങിപ്പോയത്. തോമസ് കെ തോമസ് മുതിര്‍ന്ന നേതാവല്ലെന്ന് പറഞ്ഞ പി സി ചാക്കോ തര്‍ക്കങ്ങള്‍ക്ക് കാരണം അദ്ദേഹത്തിന്റെ തെറ്റിദ്ധാരണയാണെന്നും പറഞ്ഞു. പാര്‍ട്ടിയില്‍ പിസി ചാക്കോയുടെ ഏകാധിപത്യമാണ് നടക്കുന്നതെന്ന് തോമസ് കെ തോമസ് തിരിച്ചടിച്ചു. കുട്ടനാട് സീറ്റുകള്‍ പിടിച്ചെടുക്കാന്‍ പി സി ചാക്കോയുടെ നേതൃത്വത്തില്‍ ശ്രമം നടക്കുന്നുണ്ട്. ഇക്കാര്യങ്ങള്‍ ഉള്‍പ്പെടെ ചൂണ്ടിക്കാണിച്ച് കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് തോമസ് കെ തോമസ്.