“ഓർമകളുടെ സുഗന്ധം”1964 ലാണ് കട്ടപ്പന പ്രദേശത്തെ ആദ്യ സിനിമ തിയ്യേറ്റർ “സന്തോഷ് ” പ്രവർത്തനം ആരംഭിക്കുന്നത്.എഴുത്ത്-മാത്യു സണ്ണി കെ


“ഓർമകളുടെ സുഗന്ധം”
1964 ലാണ് കട്ടപ്പന പ്രദേശത്തെ ആദ്യ സിനിമ തിയ്യേറ്റർ “സന്തോഷ് ” പ്രവർത്തനം ആരംഭിക്കുന്നത്.
എഴുത്ത്-മാത്യു സണ്ണി കെ.
1964 ലാണ് കട്ടപ്പന പ്രദേശത്തെ ആദ്യ സിനിമ തിയ്യേറ്റർ സന്തോഷ് പ്രവർത്തനം ആരംഭിക്കുന്നത്. അന്ന് ഞാൻ
കൊച്ചു തോവാളയിലാണ്. അമ്മ വീട്ടിൽ വട്ടയപ്പവും പായസവും കഴിച്ച് സുഖമായി വളരുന്നു.
രണ്ട് അമ്മാവൻമാരുണ്ട് .
കുട്ടപ്പനും അപ്പച്ചനും
കുട്ടപ്പൻ ഇരട്ടയാറിലെ പള്ളിക്കൂടത്തിൽ സാറാണ്. അപ്പച്ചൻ നാട്ടുകാര്യവുമായി നടക്കുന്നു.ഞായറാഴ്ച അവർ രണ്ടും കൂടി കട്ടപ്പനക്ക് പോയി സിനിമ കാണും.പിറ്റേന്ന് ആ പാട്ടുകൾ ഈണത്തിൽ പാടും.അങ്ങനെയാണ് കാണാവുന്ന കഥയെക്കുറിച്ച് ഞാൻ ആദ്യമായി കേൾക്കുന്നത്.
1968 ൽ ഞാൻ ഇരട്ടയാറിന് പോന്നു.ഒന്നാം ക്ലാസ്സിൽ എന്നെ ചേർത്തിരുന്നു. ഇന്നത്തെ പെട്രോൾപമ്പിന് എതിരെ 50 വർഷങ്ങൾക്ക് മുമ്പ് ഒരു തിയറ്റർ ഉണ്ടായിരുന്നു.
പ്രീമിയർ തിയേറ്റർ
അവിടെ ആദ്യം കളിച്ച സിനിമയാണ് ഓമന കുട്ടൻ.
ആ സിനിമ കണ്ടിട്ട് വന്ന എൻ്റെ ചേട്ടൻ ഏണിയിലിരുന്ന് പാടി. ആകാശഗംഗയുടെ കരയിൽ…..ഞാൻ കാതു കൂർപ്പിച്ചു.ഒന്നിലോ രണ്ടിലോ പഠിക്കുമ്പോഴാണ് ആദ്യമായി സിനിമ കാണുന്നത്. സത്യന്റെ ഓടയിൽ നിന്ന്… ഒരു മാസത്തോളും അത് ഓടി. പക്ഷേ പ്രമാദമായ മാട തെരുവിയും മൈന തെരുവിയും രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഇരട്ടയാറിൽ നിന്ന് പെട്ടി മടക്കി. ഞങ്ങൾക്ക് അന്ന്
പ്രിയപ്പെട്ടത് സത്യന്റെയും ഷീലയുടെയും സിനിമകളായിരുന്നു.
പ്രീമിയർ നിർത്തി 1971ലൊ മറ്റോ ആണ് ചന്തയോട് ചേർന്നുള്ള സ്ഥലത്ത് നിർമ്മല ടാക്കീസ് തുടങ്ങുന്നത്. ഇന്ന് അവിടം ബസ് സ്റ്റാൻഡാണ്. ഉദ്ഘാടന ചിത്രം എം.ജി.ആറിന്റെ അടിമപെൺ ആയിരുന്നു.ഞങ്ങൾ അയൽക്കാരെല്ലാം ആണും പെണ്ണും കൂടി ചേർന്ന് ഒരു ജാഥയായിട്ടാണ് സിനിമക്ക് പോയത്. MGR തടവിൽ നിന്ന് നദിയിലേക്ക് ചാടി രക്ഷപ്പെടുന്നത് അന്ന് പേടിപ്പിച്ചു കളഞ്ഞു. ജയലളിത MGR ന് തിന്നാൻ കൊടുക്കുമ്പോൾ നക്കി തിന്നതും ഒറ്റ തൊഴിക്ക് വെദ്യരെ ഇടിച്ച് തട്ടിൻപുറത്ത് കയറ്റുന്നതും
കണ്ടപ്പോൾ കൊട്ടകയിൽ കൂട്ട ചിരി ഉയർന്നു.
ഞായറാഴ്ച
കൊച്ചുതോവാളയിൽ നിന്ന് മകളെ കാണാൻ അമ്മാമ്മ വരും.. മാറ്റിനിയും കണ്ടാണ് മടക്കം. ഞാൻ അമ്മാമ്മക്ക് കൂട്ടുപോയി. അങ്ങനെ നസീറിന്റെ CID പടങ്ങൾ കണ്ടു തുടങ്ങി.
പക്ഷേ, ചില ഞായറാഴ്ചകളിൽ അമ്മാമ്മ വരുകിയില്ല. അന്ന് എനിക്ക് വല്ലാത്ത ടെൻഷനാണ്.രണ്ട് മണിക്ക് റിക്കാർഡ് ഇടുമ്പോൾ ഞാൻ വീട്ടിൽ നിന്ന് ഇറങ്ങും. തീയ്യേറ്ററിന്റെ മുമ്പിൽ പോയി നോക്കിനിൽക്കും. ഏതെങ്കിലും പരിചയക്കാരുടെ കൂടെ അകത്ത് കയറും. അങ്ങനെ കണ്ട ഒരു സിനിമയാണ്.
പോസ്റ്റ്മാനെ കാണാനില്ല.
പക്ഷേ മൂന്നാം ക്ലാസ്സ് കഴിഞ്ഞപ്പോൾ പോർട്ടർ തടഞ്ഞു.ഞാൻ വഴിയിലിറങ്ങി. കുറച്ചുനേരം സംഭാഷണങ്ങൾ കേൾക്കും. പിന്നെ മനസ്സിൽ ആ രംഗങ്ങൾ സങ്കൽപ്പിച്ച് ഒരാഴ്ച നടക്കും. ഞായറാഴ്ച രണ്ടാമത്തെ കുർബ്ബാനക്കാണ് പോകുക.വേദപാഠം ക്ലാസ്സ് കഴിയുമ്പോൾ ഒരു വെപ്രാളമാണ്… എങ്ങനെയാണ് മാറ്റിനിക്ക് പോവുക?സിനിമ കാണാൻ വേണ്ടി ചില്ലറ മോഷണം തുടങ്ങിയിരുന്നു..ആരും കാണാതെ കോഴിക്കൂട്ടിൽ നിന്ന് മുട്ട എടുക്കുക. അന്ന് ഇരട്ടയാറിൽ ഒരു ദന്തിസ്റ്റുണ്ട്.ചാണ്ടി സാർ… അദ്ദേഹത്തിന് രണ്ടോ മുന്നോ മുട്ടകൾ കൊടുക്കും. അങ്ങനെ
കുറച്ചു കാലം മാറ്റിനി കണ്ടു. പിന്നീട് ചായക്കടയിൽ പാൽ കൊടുക്കാൻ തുടങ്ങി. അതിൽ നിന്ന് സിനിമക്കുള്ള കാശ് ഇസ്ക്കും. അന്ന് ശാരദ കരയുമ്പോൾ സ്ത്രീകൾ മൂക്ക് പിഴിയാൻ തുടങ്ങും.
വർഷത്തിൽ ഒന്നോ രണ്ടോ തവണ നാടകം വന്നിരുന്നു.
30 വെള്ളിക്കാശ്, മഹനായാ അലക്സാണ്ടർ കണ്ടത് ഓർമ്മയിലുണ്ട്. കൊട്ടാരക്കരയുടെ നാടകം വന്നിരുന്നത് ഓർമ്മയിലുണ്ട്.
ഒരിക്കൽ സിനിമക്കിടയിൽ കറന്റ് പോയി. ഇരുട്ടത്ത് നിന്ന് ഒരു തള്ള വിളിച്ചു.
” എടി മിനി ”
അവൾ വിളി കേട്ടില്ല. തള്ള ഉറക്കെ അലറി.
“അയ്യോ എന്റെ മകളെ കാണാനില്ല. “
അവൾ അലറി.
ഈ തള്ളക്കെന്താ ഭ്രാന്താണോ?വീട്ടിലേക്ക് മടങ്ങുമ്പോൾ ഞാനും കൂട്ടുകാരനും ചിരിച്ചു.
ഇന്ന് നിർമ്മലയില്ല.
2010 ലോ മറ്റോ തീയ്യേറ്റർ നിർത്തി.ഇപ്പോൾ അവിടെ ഒരു ഷോപ്പിംഗ് കോംപ്ലെക്സാണ്.