മണിപ്പൂരിലെ കലാപം അവസാനിപ്പിക്കാന്‍ തയ്യാറാകാത്ത ബിജെപിയുടെ വര്‍ഗീയ, ധ്രുവീകരണ രാഷ്ട്രീയത്തിനെതിരെ എല്‍ഡിഎഫ് ജില്ലാ കമ്മിറ്റി കട്ടപ്പനയില്‍ പ്രതിഷേധ കൂട്ടായ്മ നടത്തി
മണിപ്പൂരിലെ കലാപം അവസാനിപ്പിക്കാന്‍ തയ്യാറാകാത്ത ബിജെപിയുടെ വര്‍ഗീയ, ധ്രുവീകരണ രാഷ്ട്രീയത്തിനെതിരെ എല്‍ഡിഎഫ് ജില്ലാ കമ്മിറ്റി കട്ടപ്പനയില്‍ പ്രതിഷേധ കൂട്ടായ്മ നടത്തി. എല്‍ഡിഎഫ് പ്രവര്‍ത്തകരും നാട്ടുകാരും ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു. സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം കെ കെ അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ കെ കെ ശിവരാമന്‍ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് മുഖ്യപ്രഭാഷണം നടത്തി. സിപിഐ ജില്ലാ സെക്രട്ടറി കെ സലിംകുമാര്‍, കേരള കോണ്‍ഗ്രസ് എം സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റിയംഗം അഡ്വ. മനോജ് എം തോമസ്, എന്‍സിപി സംസ്ഥാന സെക്രട്ടറി അനില്‍ കൂവപ്ലാക്കല്‍, എല്‍ഡിഎഫ് നേതാക്കളായ റോമിയോ സെബാസ്റ്റ്യന്‍, വി ആര്‍ സജി, ഇ എസ് ബിജിമോള്‍, ജോണി ചെരിവുപറമ്പില്‍, സി എം അസീസ്, രവീന്ദ്രന്‍ ഇലവന്തിക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കട്ടപ്പന
ആര്‍എസ്എസ്- ബിജെപി രഹസ്യ അജണ്ടയുടെ ഭാഗമായാണ് മണിപ്പൂരില്‍ തുടരുന്ന കലാപം അവസാനിപ്പിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകാത്തതെന്ന് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം കെ കെ അഷ്‌റഫ്. കട്ടപ്പനയില്‍ എല്‍ഡിഎഫ് പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പട്ടാളത്തിന്റെ കരുത്തില്‍ മറ്റ് രാജ്യങ്ങളെ വെല്ലുവിളിക്കുന്ന കേന്ദ്ര സര്‍ക്കാര്‍, 35 ലക്ഷം ജനങ്ങള്‍ മാത്രം താമസിക്കുന്ന ചെറുസംസ്ഥാനത്തെ കലാപം അടിച്ചമര്‍ത്താന്‍ തയ്യാറാകുന്നില്ല. കേന്ദ്ര സേനയുടെ കാവലുള്ള കേന്ദ്ര സഹമന്ത്രിയുടെ വീട് പോലും ആക്രമിക്കപ്പെട്ടു. മന്ത്രി കേരളത്തിലായതിനാല്‍ രക്ഷപ്പെട്ടു. കലാപം തുടരുന്നത് ആര്‍എസ്എസ് അജണ്ടയുടെ ഭാഗമായാണ്. ഇതിനായി എരിതീയിലേക്ക് എണ്ണ ഒഴിക്കുന്ന സമീപനമാണിവര്‍ക്ക്. കലാപം ഒഴിവാക്കാനുള്ള എല്ലാ മുന്നൊരുക്കങ്ങളും ചെയ്യാമായിരുന്നിട്ടും അതിന് തയ്യാറായില്ല. ഈ സംഭവങ്ങളെല്ലാം ആര്‍എസ്എസ് വിഭാവനം ചെയ്യുന്ന ഹിന്ദുരാഷ്ട്ര അജണ്ടയുടെ ഭാഗമാണ്. ഇതിനെതിരെ രാജ്യത്തുടനീളം പ്രതിഷേധം ശക്തമാകണമെന്നും കെ കെ അഷ്‌റഫ് പറഞ്ഞു.
കട്ടപ്പന
ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് രാജ്യത്തുടനീളം കലാപം സൃഷ്ടിക്കാനാണ് ആര്‍എസ്എസ് നീക്കമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്. എല്‍ഡിഎഫ് പ്രതിഷേധ കൂട്ടായ്മയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ഒത്താശയോടെയാണ് കലാപം തുടങ്ങിയത്. തെരഞ്ഞെടുപ്പിന് മുമ്പ് വര്‍ഗീയ ധ്രുവീകരണത്തിലൂടെ രാജ്യത്തെ സമാധാന അന്തരീക്ഷം തകര്‍ക്കാനാണ് ശ്രമം. രാജ്യത്തുടനീളം മതന്യൂനപക്ഷങ്ങളെ വേട്ടയാടുകയും ആരാധനാലയങ്ങള്‍ തകര്‍ക്കുകയും ചെയ്യുന്നു. കേരളത്തില്‍ ബിജെപിയുമായി സഖ്യത്തിന് തയ്യാറെടുക്കുന്ന മതമേലധ്യക്ഷന്‍മാര്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരെയുള്ള കടന്നുകയറ്റം കണ്ടില്ലെന്നു നടിക്കുകയാണ്. ഇതിനെതിരെ കേരളത്തില്‍ രൂപപ്പെട്ട ഇടതുപക്ഷ ബദല്‍ രാജ്യത്തുടനീളം ഉയര്‍ന്നുവരുന്നു. പലസംസ്ഥാനങ്ങളിലെയും തദ്ദേശ ഭരണ തെരഞ്ഞെടുപ്പികളിലെ ഇടത് മുന്നേറ്റവും കര്‍ഷക പ്രക്ഷോഭങ്ങളും ഇത് സൂചിപ്പിക്കുന്നതാണെന്നും സി വി വര്‍ഗീസ് പറഞ്ഞു.